തൃശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടർ എസ്.ഷാനവാസ് അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നത്.

ജില്ലാ കലക്ടറുടെ നിർദ്ദേശമനുസരിച്ച് കണ്ണാറ, നടത്തറ, പാണഞ്ചേരി, പുത്തൂർ, നെൻമണിക്കര, പീച്ചി, പറപ്പൂക്കര, മുരിയാട്‌, അളഗപ്പനഗർ, വെള്ളാങ്ങല്ലൂർ, കാറളം, കാട്ടൂർ, പുതുക്കാട് ഗ്രാമപഞ്ചായത്തുകൾ, തൃശ്ശൂർ കോർപറേഷൻ, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി.

Read Also: സംസ്ഥാനത്ത് റെഡ് അലേര്‍ട്ടില്ല; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഇതോടെ സംസ്ഥാനത്ത് തുറന്ന ആകെ ഡാമുകളുടെ എണ്ണം 19 ആയി.

ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് ഇല്ല. അതേസമയം, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഇവിടെ മഴ ശക്തിപ്പെട്ടേക്കും. എങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.