തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കുട്ടിയുടെ മൊഴിയെത്തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയുടെ സഹോദരന്‍റെ സുഹൃത്ത് കൂടിയായ ഇയാള്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചുള്ള സമയത്തെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്തുപറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ വെള്ളായണി സ്വദേശി വിമല്‍കുമാറിനെയാണ് (30) അറസ്റ്റ് ചെയ്തതെന്ന് നേമം പൊലീസ് അറിയിച്ചു.

പൊലീസ് അന്വേഷിക്കുന്നതറിഞ്ഞു ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ജെ.കെ.ദിനില്‍, നേമം പോലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതിക്ക് എതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണം, പിടിച്ചുപറി എന്നീ കേസുകളാണ് ഇയാളുടെ പേരിൽ വേറെ ഉളളതെന്നും പൊലീസ് വ്യക്തമാക്കി.പൂജപ്പുര സ്വദേശിയായ ശിവപ്രസാദിനു ബൈക്കില്‍ ലിഫ്റ്റ് നല്കി കയറ്റികൊണ്ടുപോയി ബാഗും അതിലുണ്ടായിരുന്ന 8000 രൂപയും കവര്‍ച്ച ചെയ്തതിനും തിരുമല സ്വദേശിയായ വിഷ്ണു എന്ന് ബാലനെ ബൈക്കില്‍ കയറ്റികൊണ്ടുപോയി സ്വര്‍ണമാല കവര്‍ച്ച ചെയ്തതിനും തളിയല്‍ സ്വദേശിയായ ധനരാജിന്‍റെ ബൈക്ക് മോഷണം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പുജപ്പുര, കരമന പൊലീസ് സ്റ്റേഷനുകളിലാണ് ഈ കേസുകളെന്ന് അവർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ