തൃശൂര്‍: പറന്നുവന്ന മയില്‍ ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പുന്നയൂര്‍ക്കുളം പീടികപ്പറമ്പില്‍ മോഹനന്റെ മകന്‍ പ്രമോഷാ(34)ണ് മരിച്ചത്. ഭാര്യ വീണ (26)യ്ക്കും മറ്റൊരു ബൈക്ക് യാത്രികന്‍ ധനേഷി(37)നും പരുക്കേറ്റു. അപകടത്തില്‍ മയില്‍ ചത്തു.
ഇന്നു രാവിലെ ഒന്‍പതോടെ അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലായിരുന്നു അപകടം. റോഡിനു കുറുകെ പറന്നുവന്ന മയില്‍ പ്രമോഷിന്റെ നെഞ്ചിലാണ് ഇടിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു.
പ്രമോഷിന്റെ ബൈക്ക് മതിലില്‍ ഇടിക്കുമുന്‍പ്, ധനേഷ് ഓടിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചിരുന്നു. ധനേഷിനെയും പ്രമോഷിന്റെ ഭാര്യ വീണയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു വിവരം.
തൃശൂര്‍ മാരാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോഷ്. നാല് മാസം മുമ്പാണ് പ്രമോഷ്-വീണ ദമ്പതികളുടെ വിവാഹം.
Also Read: 12,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 142 മരണം; ടിപിആർ 14.03
പെയിന്റിങ് തൊഴിലാളിയായ ധനേഷ് പണിക്കു പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. വാടാനപ്പിള്ളി നടുവില്‍ക്കര സ്വദേശിയാണ്.

മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. മയിലുകളുടെ ശരാശരി തൂക്കം അഞ്ചിനും ഏഴിനും കിലോയ്ക്കിടയിലാണ്. ഒരു മീറ്ററിലേറെ നീളവുമുണ്ടാകും.