കൊച്ചി: കൊച്ചിയിലെ ഇന്റർനാഷണൽ പീസ് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണത്തിൽ സ്കൂളിലെ പാഠ്യപദ്ധതിയിൽ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനുകീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. എന്നാൽ നടപടി എത്ര സ്കൂളുകൾക്ക് ബാധകമാകുമെന്ന് വ്യക്തമല്ല.

എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പോലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഉള്ളടക്കമാണ് ഇവിടുത്തെ പാഠപുസ്തകങ്ങളിലുള്ളതെന്ന് വിദ്യാഭ്യാസ ഓഫീസർ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.

എന്‍.സി.ഇ.ആര്‍.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്‍.ടി.യോ നിര്‍ദേശിക്കുന്ന സിലബസല്ല സ്കൂളിലേത്.

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍നിന്ന് ആളെ ചേര്‍ക്കുന്നതില്‍ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന അബ്ദുള്‍ റാഷിദ്, യാസ്മിന്‍ അഹമ്മദ് എന്നിവര്‍ ഈ സ്‌കൂളില്‍ ജോലി ചെയ്തിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എൻഐഎയുടെ അന്വേഷണ പരിധിയിലുള്ള കേസാണിത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയെന്ന് കരുതുന്ന കൊച്ചി സ്വദേശിനി മെറിനും മതംമാറിയ ശേഷം സ്കൂളിൽ ജോലി ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സ്കൂളിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കവും പുറത്തായത്. സ്കൂളിന് ലഭിച്ച സംഭാവനകളുടെ സ്രോതസ്സുകളും അന്വേഷണ സംഘത്തിന്റെ പരിധിയിലുണ്ടായിരുന്നു.

അതേസമയം ആഗോള തലത്തിൽ തന്നെ ഭീകരവാദ പ്രവർത്തനത്തിന്റെ കരിനിഴലിൽ ഉള്ള മതപ്രഭാഷകൻ സാക്കിർ നായിക്കുമായി സ്കൂളിന് ബന്ധമുള്ളതായും സംശയിക്കപ്പെടുന്നുണ്ട്. നവി മുംബൈ കേന്ദ്രമായ ബുറൂജ് റിയലൈസേഷന്‍ എന്ന ഇസ്ലാമിക് വിദ്യാഭ്യസ സ്ഥാപനം തയ്യാറാക്കിയ പുസ്തകങ്ങളാണ് ഇവിടെ പഠിപ്പിച്ചത് എന്നാണ് കണ്ടെത്തൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ