ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവ് കുറച്ചു. 15 ലക്ഷത്തിൽനിന്ന് 1,18,000 രൂപയായാണ് കുറച്ചത്. മഅ്ദനിയുടെ സന്ദർശന സമയം നാലു ദിവസം കൂടി നീട്ടി. ഈ മാസം 6 മുതൽ 19 വരെ മഅ്ദനിക്ക് കേരളത്തിൽ തങ്ങാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നേരത്തെ അനുവദിച്ച നാലുദിവസം കഴിഞ്ഞുപോയതിനാലാണ് സന്ദർശന സമയം കൂട്ടിയത്. അർബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗൺ ഹാളിൽ ഓഗസ്റ്റ് ഒൻപതിനു മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി ഓഗസ്റ്റ് ഒന്നു മുതൽ 20 വരെയാണ് കേരളത്തിൽ തങ്ങാൻ മഅ്ദനിക്ക് നേരത്തെ അനുമതി ലഭിച്ചത്.

മഅ്ദനിയുടെ കേരളത്തിലേക്കുളള സുരക്ഷാച്ചെലവിന് വൻ തുക കെട്ടിവയ്ക്കണമെന്ന കർണാടക സർക്കാരിന്റെ നിലപാടിനെ ഇന്നലെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ സര്‍ക്കാരിന്റെ ശ്രമമെന്ന് കോടതി ചോദിച്ചു. ന്യായമായ തുക മാത്രമേ മഅ്ദനിയിൽനിന്നും ഈടാക്കാവൂ. നേരത്തെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മഅ്ദനിയില്‍ നിന്ന് കുറഞ്ഞ തുകയാണ് കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയത്. പിന്നെ എങ്ങനെയാണ് ഇപ്പോള്‍ ഇത്ര ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതെന്നും സുപ്രീംകോടതി കര്‍ണാടക അഭിഭാഷകനോട് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കുളള യാത്രാബത്തയും ദിനബത്തയും മാത്രമേ മഅ്ദനിയിൽനിന്നും ഈടാക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശിച്ചു.

കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവിനായി മഅ്ദനി 14.80 ലക്ഷം രൂപ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടിരുന്നു. പൊലീസ് അകമ്പടിക്കും മറ്റു ചെലവുകൾക്കുമായാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രച്ചെലവും വഹിക്കണമെന്നു കമ്മിഷണർ നിർദേശിച്ചിരുന്നു. ഇതും കൂടി ആകുമ്പോൾ 15 ലക്ഷത്തിലധികം ചെലവാകും. തുടർന്നാണ് യാത്രാച്ചെലവ് താങ്ങാൻ കഴിയില്ലെന്ന് കാണിച്ച് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ