ബംഗളൂരു: സുരക്ഷാച്ചെലവിനായി വന്‍തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്‍റെ നടപടിക്കെതിരെ പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് അനുമതി നല്‍കിയ ബെഞ്ചിനു മുന്‍പിലാണു പരാതി ബോധിപ്പിക്കുക.
കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലാക്കാനാണു കര്‍ണാടക സര്‍ക്കാരിന്‍റെ ശ്രമമെന്നാണു മഅ്ദനിയുടെ ആരോപണം. മുന്‍പു കേരളത്തിലെത്തിയപ്പോള്‍ നാല് അംഗരക്ഷകര്‍ മാത്രമാണുണ്ടായിരുന്നത്. ഈ സ്ഥാനത്താണ് 19 പേരുടെ സംഘത്തെ ഇപ്പോൾ നിയോഗിച്ചതെന്നു കോടതിയെ അറിയിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് മഅ്ദനിക്കു വേണ്ടി ഹാജരാകുന്നത്.
പൊലീസ് അകമ്പടിക്കും മറ്റു ചെലവുകൾക്കുമായി 14.80 ലക്ഷം രൂപ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടിരുന്നു. മഅ്ദനിക്കുനേരെ പുറത്തുനിന്നും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നതെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ പറയുന്നത്. അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രച്ചെലവും വഹിക്കണമെന്നു കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്. ഇതും കൂടി ആകുമ്പോൾ 15 ലക്ഷത്തിലധികം ചെലവാകും.
സുപ്രീംകോടതി അനുവദിച്ച പ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചു നല്‍കണമെന്നും മഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.