ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാച്ചെലവിന് വൻ തുക കെട്ടിവയ്ക്കണമെന്ന കർണാടക സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ സര്‍ക്കാരിന്റെ ശ്രമമെന്ന് കോടതി ചോദിച്ചു. ന്യായമായ തുക മാത്രമേ മഅ്ദനിയിൽനിന്നും ഈടാക്കാവൂ. നേരത്തെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മഅ്ദനിയില്‍ നിന്ന് കുറഞ്ഞ തുകയാണ് കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയത്. പിന്നെ എങ്ങനെയാണ് ഇപ്പോള്‍ ഇത്ര ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതെന്നും സുപ്രീംകോടതി കര്‍ണാടക അഭിഭാഷകനോട് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കുളള യാത്രാബത്തയും ദിനബത്തയും മാത്രമേ മഅ്ദനിയിൽനിന്നും ഈടാക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശിച്ചു. അതിനിടെ, മഅ്ദനിക്ക് സുരക്ഷ നല്കാന് തയാറാണെന്ന കേരളത്തിന്റെ വാദവും സുപ്രീംകോടതി തള്ളി.
കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവിനായി മഅ്ദനി 14.80 ലക്ഷം രൂപ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടിരുന്നു. പൊലീസ് അകമ്പടിക്കും മറ്റു ചെലവുകൾക്കുമായാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. മഅ്ദനിക്കുനേരെ പുറത്തുനിന്നും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നതെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയത്. അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രച്ചെലവും വഹിക്കണമെന്നു കമ്മിഷണർ നിർദേശിച്ചിരുന്നു. ഇതും കൂടി ആകുമ്പോൾ 15 ലക്ഷത്തിലധികം ചെലവാകും. തുടർന്നാണ് യാത്രാച്ചെലവ് താങ്ങാൻ കഴിയില്ലെന്ന് കാണിച്ച് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.
അർബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗൺ ഹാളിൽ ഓഗസ്റ്റ് ഒൻപതിനു മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി ഓഗസ്റ്റ് ഒന്നു മുതൽ 20 വരെയാണ് കേരളത്തിൽ തങ്ങാൻ മഅ്ദനിക്ക് അനുമതി ലഭിച്ചത്.