കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കുറ്റം ആരോപിക്കപ്പെടുന്ന ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ അഭ്യന്തര വകുപ്പും കേരള പൊലീസും ഉത്തരം നല്‍കണം എന്ന് പി.ടി.തോമസ് എംഎല്‍എ. വീട്ടമ്മയുടെ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ ബിഷപ്പിന്റെ കാര്യത്തില്‍ കാണിക്കുന്നത് പക്ഷപാതമാണ് എന്ന് ആരോപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, എംഎൽഎയ്ക്ക് ഇല്ലാത്ത എന്ത് പരിരക്ഷയാണ് ജലന്ധർ ബിഷപ്പിനുള്ളത് എന്നും ആരാഞ്ഞു.
“കേരളത്തിന്റെ മുഖ്യമന്ത്രി എന്തിന് ഇതില്‍ പക്ഷപാതിത്വം കാണിക്കുന്നു. പീഡനം ഒരേ തരത്തില്‍ തന്നെ നടക്കുമ്പോള്‍ അതിനെ രണ്ട് രീതിയില്‍ കൈകാര്യം ചെയ്യുന്ന നടപടിക്ക് എന്ത് ന്യായീകരണമാണ് ഉള്ളത് എന്ന് കേരള സമൂഹത്തോട് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അത് പറയേണ്ടതുണ്ട്” തൃക്കാക്കര എംഎല്‍എ ആരാഞ്ഞു. വീട്ടമ്മയുടെ പരാതിയിന്മേല് കോവളം എംഎല്‍എ എം.വിന്‍സന്റിനെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ 22നാണ്. പരാതിക്കാരിയായ സ്ത്രീയെ കടയില്‍ വച്ച് കയറി പിടിച്ചു എന്നും പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു എംഎല്‍എക്ക് എതിരായ കേസ്. എം.വിന്‍സന്റ് എംഎല്‍എയെ അറസ്റ്റ് ചെയ്യുക മാത്രമല്ല ഒരു മാസത്തോളം ജയിലിലടക്കുകയും ചെയ്തതായി പി.ടി.തോമസ് പറഞ്ഞു.
ജലന്ധർ ബിഷപ്പ് ഫ്രോങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ പിണറായി സർക്കാർ ഭയപ്പെടുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും പി.ടി.തോമസ് എംഎൽഎ പറഞ്ഞു. ഒരു പന്തിയിൽ രണ്ട് വിളമ്പ് എന്ന് പറയുന്നരീതിയിലാണ് പിണറായി സർക്കാരിന്റെ പെരുമാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ എറണാകുളത്ത് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കന്യാസ്ത്രീകൾക്ക് പൂർണ്ണ പിന്തുണയറിയിച്ച് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വിഎസ് പറഞ്ഞു.
കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം; പി.സി.ജോര്‍ജിനെതിരെ പൊലീസും ദേശീയ വനിതാ കമ്മീഷനും
പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ജനപിന്തുണയേറുകയാണ്. ജസ്റ്റിസ് കെമാൽപാഷ, സീറോമലബാർ, ഓർത്തഡോക്സ് തുടങ്ങി വിവിധ സഭകളിൽനിന്നുളള പുരോഹിതരും മതമേലധ്യക്ഷന്മാരും കന്യാസ്ത്രീകളും വിശ്വാസികളും ഐക്യദാർഢ്യമർപ്പിച്ച് സമരപ്പന്തലിൽ എത്തിയിട്ടുണ്ട്.