തിരുവനന്തപുരം: കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിയും കേരള ജനപക്ഷവും സഭയ്ക്കുള്ളിൽ ഒന്നിച്ചു പ്രവർത്തിക്കും. ബിജെപി അംഗമായ ഒ.രാജഗോപാലും കേരള ജനപക്ഷത്തിലെ പി.സി.ജോർജും സഭയിൽ ഒന്നിച്ചായിരിക്കും ഇനി പ്രവർത്തിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയും ജനപക്ഷം നേതാവ് പി.സി.ജോർജും തമ്മിൽ നടന്ന ചർച്ചകളിൽ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മിൽ സഭയിലുള്ള സഹകരണമെന്നാണ് സൂചന.

അതേസമയം, പി.എസ്.ശ്രീധരൻ പിള്ളയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പി.സി.ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമ സഭയിൽ കഴിഞ്ഞ മൂന്നു വർഷമായി ഒ.രാജഗോപാലുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് പുതിയ കാര്യമൊന്നുമല്ല. ഇതിൽ അദ്ഭുതപ്പെടാനും ഒന്നുമില്ല. ഇപ്പോൾ ബിജെപി നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നേയുളളൂ. ബിജെപിയുമായുളള സഹകരണത്തിൽ മഹാപാപം ഇല്ലെന്നും ജോർജ് പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തോട് ബഹുമാനമുണ്ട്. പക്ഷേ പിണറായിയുടെ നേതൃത്വത്തിലുളള കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചുകൊല്ലുകയാണ്. അയ്യപ്പ ഭക്തരായ വിശ്വാസികൾക്കുമേൽ കേസെടുക്കുന്നു, അവരെ അറസ്റ്റ് ചെയ്യുന്നു. പിണറായിക്ക് ഒപ്പം ഒരിക്കലും കേരള ജനപക്ഷം നിൽക്കില്ല. ഇക്കാര്യം നേരത്തെ താൻ വ്യക്തമാക്കിയതാണെന്നും ജോർജ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ