കോട്ടയം: ദിലീപിനെതിരെ ഇപ്പോൾ നടക്കുന്നത് ഗൂഢാലോചനയാണെന്ന് പി.സി.ജോർജ് എംഎൽഎ. “വട്ടിളകിയ കുറേ പൊലീസുകാരും ദിലീപിനെ ഉപേക്ഷിച്ച് പോയ മുൻ ഭാര്യയായ നടിയുമാണ് ഈ ആക്രമണത്തിന് പിന്നിൽ. ദിലീപിനെയും നാദിർഷായെയും കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്”, പി.സി.ജോർജ് പറഞ്ഞു.

“വനിതാ കമ്മിഷൻ എനിക്കെതിരെ കേസെടുത്തെന്നാണ് ഞാൻ കേട്ടത്. എന്തൊരു അസംബന്ധമാണത്. വനിതാ കമ്മിഷന് കേസെടുക്കാനാവില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

“ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി.സന്ധ്യയും തമ്മിൽ അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഒരു തെളിവും പൊലീസിന്റെ പക്കലില്ല. അന്വേഷണ സംഘം മുഴുവൻ കളിപ്പീരാണ്. വട്ടിളകിയ കുറേ പൊലീസുകാർ”, അദ്ദേഹം പറഞ്ഞു.

“ദിലീപിനെതിരെ സാക്ഷി പറയാൻ പൊലീസ് നാദിർഷയെ നിർബന്ധിക്കുകയാണ്. വഴങ്ങാതിരുന്നപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. 80 ലധികം കുടുംബങ്ങൾക്ക് വീട് വച്ച് കൊടുത്തിട്ടുണ്ട് ദിലീപ്. അദ്ദേഹം ചെയ്ത നന്മയൊന്നും പുറത്തറിഞ്ഞിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. ദിലീപിന് ജാമ്യം നൽകേണ്ടതാണ്”, ജോർജ് പറഞ്ഞു.

“പൾസർ സുനി പറഞ്ഞ കാര്യങ്ങളിലെ വസ്തുത പൊലീസ് അന്വേഷിച്ചിട്ടില്ല. 19 തെളിവുകളാണ് പൊലീസ് നിരത്തുന്നത്. ഇവയൊന്നും വിശ്വാസയോഗ്യമല്ല. പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന കേസുകളിൽ ജാമ്യം നൽകാമെന്ന് സുപ്രീം കോടതി റൂളിങ്ങുണ്ട്.”

“പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഫെബ്രുവരിയിൽ നടന്നുവെന്ന് പറയപ്പെടുന്ന കാര്യത്തിന് വേണ്ടി ഇപ്പോൾ സെപ്റ്റംബർ ആയില്ലേ. ഇതുവരെ ഒന്നുമില്ലേ? സൂപ്രണ്ടാണ് പൾസർ സുനിയുടെ കത്ത് സീൽ ചെയ്തത്. അപ്പോൾ അയാൾ കണ്ടില്ലേ? കത്ത് കയ്യിൽ കിട്ടിയ ഉടൻ തന്നെ ഇക്കാര്യം ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു.”

“സെഷൻസ് കോടതിയാണ് ദിലീപിന് ജാമ്യം നൽകേണ്ടത്. ഇനി ഹൈക്കോടതി പോയാലും ജാമ്യം ലഭിക്കും. ഈ ഗൂഢാലോചന തെളിയും. ഈ നിമിഷം വരെ എന്നോട് ഒരാളും ഒന്നും ചോദിച്ചിട്ടില്ല. മൂക്ക് ചെത്തും ചെത്തുമെന്ന് പറയുന്നതല്ലാതെ ചെത്തുന്നില്ലല്ലോ?”, ജോർജ് പറഞ്ഞു.

“ഒരു പ്രമുഖ നേതാവും മകനും ബി.സന്ധ്യയും, എക്സിബിറ്റേഴ്സ് അസ്സോസിയേഷന്റെ നേതാവാകാൻ ആഗ്രഹിക്കുന്ന ഒരാളുമടക്കം നിരവധി പേർ ഈ കേസിന് പിന്നിലുണ്ട്”, അദ്ദേഹം പറഞ്ഞു.

“മമ്മൂട്ടിക്കും മോഹൻലാലിനുമടക്കം പിടിച്ചാൽ കിട്ടാത്ത അത്രയും ഉയരത്തിലേക്ക് ദിലീപ് എത്തി. അയാൾ കോൺഗ്രസ് പ്രവർത്തകനായതിന്റെ അരോചകവും സിപിഎമ്മിന് ഉണ്ടായിക്കാണും.” ജോർജ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.