കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശം വാക്ക് പിൻവലിക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. ഒരു സ്ത്രീയ്ക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ് പറഞ്ഞത്. വാർത്താസമ്മേളനത്തിനിടയിൽ വൈകാരികമായി പറഞ്ഞുപോയതാണ്. അതിൽ എനിക്ക് ദുഃഖമുണ്ടെന്നും ജോർജ് പറഞ്ഞു.

കന്യാസ്ത്രീയ്ക്കെതിരായ മറ്റു ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിനു തക്കതായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ജോർജ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്യാസ്ത്രീയ്ക്കെതിരായ മോശം പരാമർശത്തിൽ പൊലീസും വനിതാ കമ്മിഷനും നിയമ നടപടികളിലേക്ക് നീങ്ങിയതോടെയാണ് ജോർജ് പരാമർശം പിൻവലിച്ച് തടിയൂരിയത്.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് പി.സി.ജോർജ് കന്യാസ്ത്രീയെ മോശം വാക്കുകളുപയോഗിച്ച് അപമാനിച്ചത്. ജലന്ധർ ബിഷപ് തെറ്റുകാരനാണെന്ന് താൻ കരുതുന്നില്ലെന്നും പീഡനത്തിന് ഇരയായി 13-ാം തവണ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ജോർജ് പറഞ്ഞിരുന്നു.

ഇതിനുപിന്നാലെ വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെടുകയും ജോർജിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ജോർജ് കമ്മിഷനെ കളിയാക്കുകയാണ് ചെയ്തത്. ടിഎയും ഡിഎയും അയച്ച് തന്നാല്‍ ഡല്‍ഹിക്ക് വരുന്നത് പരിഗണിക്കാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ‘കമ്മീഷന്റെ അധികാരം ഞാനൊന്ന് നോക്കട്ടെ. ടിഎയും ഡിഎയും അയച്ചാല്‍ നോക്കാം. അല്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരട്ടെ. എനിക്ക് ഡല്‍ഹിയില്‍ പോണമെങ്കില്‍ എത്ര രൂപ ചെലവാകും. അല്ലെങ്കില്‍ അവര്‍ നടപടിക്രമങ്ങള്‍ ഇവിടെ നടത്തട്ടെ’, പി.സി.ജോര്‍ജ് വ്യക്തമാക്കി.

ഡൽഹിയിലെത്താൻ പണമില്ലെന്ന് രേഖ കാണിച്ചാൽ യാത്രാബത്ത നൽകാമെന്നായിരുന്നു ജോർജിന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ നൽകിയ മറുപടി. പി.സി.ജോർജിന് ദേശീയ വനിതാ കമ്മിഷന്റെ നിയമം അറിയില്ലെന്നും ഇരയെ അധിക്ഷേപിച്ച ജോർജിൽനിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശർമ്മ പറഞ്ഞിരുന്നു.

ജോർജിന്റെ പരാമർശത്തിനെതിരെ കേസെടുക്കാനുളള ശ്രമങ്ങൾ പൊലീസും തുടങ്ങിയിരുന്നു. ജോർജിന്റെ വാർത്താസമ്മേളന ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിർദേശം നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.