തിരുവനന്തപുരം: കുറവിലങ്ങാട് മഠത്തിലെ സ്ഥാനങ്ങൾ നഷ്ടപ്പെട്ടപ്പോഴാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നൽകിയതെന്ന് പി.സി.ജോർജ് എംഎൽഎ. മാലാഖമാരെ പോലെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ഹൈക്കോടതിക്ക് മുൻപിലെ കന്യാസ്ത്രീകളുടെ സമരം. സെക്രട്ടറിയേറ്റിനു മുൻപിലെ കന്യാസ്ത്രീകളുടെ സമരം മനസ്സിലാകുമെന്നും, എന്നാൽ ഹൈക്കോടതിക്ക് മുൻപിൽ എന്തിനാണ് സമരം ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ജോർജ് പറഞ്ഞു.

കന്യാസ്ത്രീയ്ക്കെതിരെ ഞാൻ പറഞ്ഞത് മുഴുവൻ ശരിയായെന്ന് ഹൈക്കോടതി വിധിയിലൂടെ തെളിഞ്ഞു. കന്യാസ്ത്രീയ്ക്കെതിരെ ഉപയോഗിച്ച ഒരു വാക്ക് ഒഴിച്ചാൽ മറ്റു ആരോപണങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നതായും പി.സി.ജോർജ് വ്യക്തമാക്കി. പീഡന പരാതി ഉയർന്ന ബിഷപ്പിനെക്കുറിച്ച് തനിക്ക് നല്ല അഭിപ്രായമില്ല. ബിഷപ്പിനെതിരെ തെളിവുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ഒരു നിമിഷം പോലും വൈകരുതെന്നും ജോർജ് ആവശ്യപ്പെട്ടു.

മഠത്തിലെ ആറു കന്യാസ്ത്രീകൾ മാത്രമാണ് സമരത്തിനായി രംഗത്തുവന്നത്. മറ്റു കന്യാസ്ത്രീകൾക്ക് യാതൊരു പരാതിയുമില്ല. ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കാനും തകർക്കാനും ശ്രമം നടക്കുന്നുണ്ട്. സമരം ചെയ്യുന്ന കന്യാസ്ത്രീകൾ സഭാവസ്ത്രം ഉപേക്ഷിക്കണമെന്നും മഠം വിട്ട് പോകണമെന്നും ജോർജ് പറഞ്ഞു. സമരം ചെയ്യുന്നവരെ കന്യാസ്ത്രീകളെന്നു വിളിക്കാനാവില്ല. കന്യാസ്ത്രീകൾ ഒരിക്കലും സമരം ചെയ്യാറില്ലെന്നും ജോർജ് പറഞ്ഞു. 21 വയസ്സ് തികയാതെ പെൺകുട്ടികളെ കന്യാസ്ത്രീ ആകാൻ സഭ സമ്മതിക്കരുതെന്നും ജോർജ് ആവശ്യപ്പെട്ടു.


(വീഡിയോ കടപ്പാട്: മാതൃഭൂമി)

കന്യാസ്ത്രീയ്ക്കെതിരായ പരാമർശത്തിൽ വനിതാ കമ്മിഷൻ അയച്ച സമൻസ് തനിക്ക് ഇതുവരെ കിട്ടിയില്ലെന്നും ജോർജ് പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്റെ സമൻസ് കിട്ടിയില്ല. സമൻസ് കിട്ടിയശേഷം ഡൽഹിക്ക് പോകുമോ ഇല്ലയോ എന്നു പറയാം. നോട്ടീസ് കിട്ടിയാൽ മറുപടി പറയും. കന്യാസ്ത്രീയ്ക്കെതിരെ ഉപയോഗിച്ച ഒരു വാക്ക് ഒഴിച്ച് മറ്റു മുഴുവൻ കാര്യങ്ങളിലും ഉറച്ചു നിൽക്കുന്നുവെന്നും ജോർജ് അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.