പൂഞ്ഞാര്‍: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ നാട്ടുകാര്‍ കൂകി വിളിച്ച് പ്രതിഷേധിച്ചു. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനെത്തിയതായിരുന്നു പിസി. ഉദ്ഘാടന പ്രസംഗത്തിനായി പിസി മൈക്കെടുത്തപ്പോള്‍ കാണികള്‍ കൂവി വിളിക്കുകയായിരുന്നു. എന്നാല്‍ വിട്ടു കൊടുക്കാന്‍ പിസിയും തയ്യാറായില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പി.സി.ജോര്‍ജും പ്രതിഷേധക്കാര്‍ക്കെതിരെ ആഞ്ഞടിച്ചു.

‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ്, നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍. പേടിച്ച് പോവുന്നനല്ല ഞാന്‍. പോടാ നീയൊക്കെ. മര്യാദ വേണം. നീയൊക്കെ കൂവി കൊണ്ടേയിരിക്കും. കൂവി തോല്‍പ്പിക്കാന്‍ നോക്കണ്ട,’ എന്നും പിസി പറയുന്നു. ഒടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തതായി പറഞ്ഞ് പി.സി.ജോര്‍ജ് തടിതപ്പുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരത്തെ, പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിർമ്മിക്കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ ജോർജിനു നേരെ ചീമുട്ടയെറിഞ്ഞിരുന്നു. ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ചീമുട്ടയേറ് നടത്തിയത്.

സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതലുളള പി.സി.ജോര്‍ജിന്റെ നിലപാടുകള്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിന് വേണ്ടി വാദിച്ച് കൊണ്ടായിരുന്നു അദ്ദേഹം ആദ്യം വിവാദങ്ങളില്‍ പെട്ടത്. പിന്നീട് കന്യീസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടിയും പി.സി.ജോര്‍ജ് രംഗത്തിറങ്ങി. ശബരിമല വിഷയത്തില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സമരരംഗത്തും അദ്ദേഹം ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ