കോട്ടയം: എന്‍ഡിഎ മുന്നണിയുടെ ഭാഗമായ പി.സി.ജോര്‍ജിന്റെ ജനപക്ഷത്തിന് പൂഞ്ഞാറില്‍ തിരിച്ചടി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പി.സി.ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. 14 അംഗ ഭരണസമിതിയിൽ എട്ട് അംഗങ്ങളാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

Read Also: ‘മച്ചാനെ പിസിയുടെ പരിപാടി വേണ്ടാട്ടാ’; ആസിഫ് അലിയോട് ആരാധകര്‍

ജനപക്ഷത്തിലെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇടതു മുന്നണി-5,കോൺഗ്രസ്-2, കേരള കോൺഗ്രസ്-1,ജനപക്ഷം-6 എന്നിങ്ങനെയാണ് തെക്കേക്കര പഞ്ചായത്തിലെ ഇപ്പോഴത്തെ കക്ഷി നില. പി.സി ജോർജിന്റെ എൻഡിഎ പ്രവേശനത്തോടെയാണ് എൽഡിഎഫ് പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

Read Also: പൂഞ്ഞാറില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി.സി.ജോർജ് എൻഡിഎ മുന്നണിയിലേക്ക് ചേക്കേറിയത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിക്ക് വേണ്ടി പി.സി.ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.തന്റെ പാർട്ടിയുടെ പിന്തുണയോടെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ അനായാസം ജയിക്കുമെന്ന് പി.സി.ജോർജ് തിരഞ്ഞെടുപ്പിന് മുമ്പേ അവകാശപ്പെട്ടിരുന്നു. എന്നാൽ, കനത്ത തിരിച്ചടിയാണ് പി.സി.ജോർജിന് സ്വാധീനമുള്ള പൂഞ്ഞാർ മണ്ഡലത്തിലടക്കം ബിജെപിക്ക് നേരിടേണ്ടി വന്നത്. പൂഞ്ഞാർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു. പൂഞ്ഞാറിൽ ആന്റോ ആന്റണി (യുഡിഎഫ്) 61,530 വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് 43,601 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, എൻഡിഎ സ്ഥാനാർഥിക്ക് 30,990 വോട്ടുകൾ മാത്രമാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.