കോട്ടയം: പി.സി.ജോര്‍ജിനെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. മതവിദ്വേഷ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ഫിറോസ് പറഞ്ഞു. പി.സി.ജോര്‍ജ് കേരളത്തിലെ സാക്ഷി മഹാരാജാണെന്നും പി.കെ.ഫിറോസ് പറഞ്ഞു.

പി.സി.ജോര്‍ജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയാണെന്നും പി.സി.ജോർജിനെതിരെ പ്രതിഷേധിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. ഈരാറ്റുപേട്ടയിലെ മുസ്‌ലിങ്ങള്‍ തീവ്രവാദികളാണെന്നായിരുന്നു പി.സി.ജോര്‍ജിന്റേതെന്ന പേരില്‍ പ്രചരിച്ച ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞിരുന്നത്.

അതേസമയം, മുസ്‌ലിങ്ങളെ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖക്കെതിരേ താന്‍ കൊടുത്ത പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ എവര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘പരിശുദ്ധ റമസാന്‍ മാസത്തില്‍ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികള്‍ ഇത് രാഷ്ട്രീയവല്‍ക്കരിക്കാനും, സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോള്‍ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും. റമസാന്‍ മാസം ഈരാറ്റുപേട്ടയില്‍ പൊതുയോഗം വച്ച് മനുഷ്യ മനസുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പര്‍ദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങള്‍ ഞാന്‍ ഈരാറ്റുപേട്ടയില്‍ പറയും,’ പി.സി.ജോര്‍ജ് വ്യക്തമാക്കി.

ഏഴു മിനിറ്റോളം നീളുന്ന ശബ്ദരേഖയിലേത് തന്റെ ശബ്ദമല്ലെന്ന് പി.സി.ജോര്‍ജ് കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അദ്ദേഹം പരാതി നല്‍കി. സെബാസ്റ്റ്യന്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തിയുമായുള്ള ഫോണ്‍ സംഭാഷണമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. അത്തരത്തില്‍ ഒരു ഫോണ്‍ വന്നതായി പി.സി.ജോര്‍ജ് സമ്മതിക്കുന്നുണ്ടെങ്കിലും അവസാന ഭാഗത്തിലുള്ളത് കൂട്ടിച്ചേര്‍ത്തതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ശബ്ദരേഖയിലെ മൂന്നു മിനിറ്റോളം വരുന്ന ഭാഗം തന്റേതാണ്. അതിന് ശേഷമുള്ള ശബ്ദത്തെ സംബന്ധിച്ച് അറിയില്ല. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഡിജിപിക്ക് നല്‍കിയ പരാതിയിലുള്ളത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പി.സി.ജോര്‍ജ് ആരോപിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് സോഷ്യല്‍ മീഡിയയില്‍ പി.സി.ജോര്‍ജിന്റേതെന്ന പേരില്‍ ശബ്ദരേഖ പ്രചരിച്ചത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഭാഷണത്തില്‍ തുടങ്ങി പിസിയുടെ ബിജെപി പ്രവേശനവും ചര്‍ച്ച ചെയ്ത ശേഷം മോദി പ്രധാനമന്ത്രിയാകില്ലെന്നും ചന്ദ്രബാബു നായിഡുവിനാണ് സാധ്യതയെന്നും വിളിച്ച വ്യക്തി പറയുന്നു. അതിനു പിന്നാലെയാണ് പിസി മുസ്ലിംകള്‍ക്കെതിരെ കടുത്ത അധിക്ഷേപം നടത്തിയത്.

ശ്രീലങ്കയിലെ ആക്രമണം വരെ അതില്‍ പ്രതിപാദിക്കുന്നു. ശബ്ദരേഖയുടെ അവസാന ഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നാണ് പി.സി.ജോര്‍ജിന്റെ ആരോപണം. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഓഡിയോ പ്രചരിച്ചതോടെ പി.സി.ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടക്കുകയും കല്ലേറുണ്ടാകുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.