കോട്ടയം. തൃക്കാക്കരയില്‍ തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്ന് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി. സി. ജോര്‍ജ്. “മുഖ്യമന്ത്രിക്ക് മറുപടി നല്‍കും, നിയമം ലംഘിക്കില്ല. ബിജപെ ക്രിസ്ത്യാനികളെ വേട്ടയാടിയതായി അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതില്‍ തെറ്റുമില്ല. ഒരു മതത്തേയും വിമര്‍ശിക്കാനില്ല,” പി. സി. ജോര്‍ജ് വ്യക്തമാക്കി.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ വ്യാഴാഴ്ച റിമാൻഡിലായ പി സി ജോർജ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഇന്നലെ വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ സ്വീകരിച്ചു.
കോടതിയോട് നന്ദിയുണ്ടെന്നും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ജോർജ് പറഞ്ഞു. കോടതി നിർദേശങ്ങൾ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജോർജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളിൽ ഉൾപ്പെടെ അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥൻ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോർജ് കോടതിയെ അറിയിച്ചിരുന്നു.
വെണ്ണല കേസിൽ ജോർജിനു കോടതി മുൻകൂർ ജാമ്യവും അനുവദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയടക്കം മൂന്ന് ഹര്‍ജികളാണ് ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ റിവിഷന്‍ ഹര്‍ജിയാണ് മറ്റൊന്ന്.
Also Read: ബലാത്സംഗക്കേസ്: നടിയുടെ അമ്മയെ വിജയ് ബാബു ഭീഷണിപ്പെടുത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍