scorecardresearch
Latest News

വി മുരളീധരനുമായി പിസി ജോര്‍ജ് കൂടിക്കാഴ്ച നടത്തി; പൊതുപ്രവര്‍ത്തകനെ കാണാന്‍ പോകുമ്പോള്‍ കേന്ദ്ര മന്ത്രിയെ വിലക്കിയതെന്തെന്ന് മുരളീധരൻ

ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്

PC George, hate Speech
Photo: Facebook/PC George

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനുമായി പിസി ജോര്‍ജ് കൂടിക്കാഴ്ച നടത്തി. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി. സി. ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു ജാമ്യം ലഭിച്ച ശേഷമാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പിസി ജോർജിനെ പുലര്‍ച്ചെ ഈരാറ്റുപേട്ടയില്‍നിന്ന് അറസ്റ്റുചെയ്ത് തിരുവനന്തപുരംവരെ കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമെന്തായിരുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വി മുരളീധരൻ ചോദിച്ചു. ഇതുപോലെ നിരവധി പ്രസംഗങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം നടപടി ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി ഇരട്ടനീതി ജനം തിരിച്ചറിയുമെന്നും പറഞ്ഞു.

പോലീസ് അറസ്റ്റുചെയ്ത ഒരു പൊതുപ്രവര്‍ത്തകനെ കാണാന്‍ പോകുമ്പോള്‍ ഒരു കേന്ദ്രമന്ത്രിക്ക് അനുമതി നിഷേധിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും വി മുരളീധരൻ പറഞ്ഞു.

വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശ കോശിയാണ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്. കോടതി അവധിയായതിനാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ജോര്‍ജിനെ നേരിട്ട് ഹാജരാക്കുകയായിരുന്നു.

വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് ജോർജിനെതിരെ ചുമത്തിയിരുന്നത്.

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, പറഞ്ഞതൊന്നും ഇതുവരെ തിരിച്ചെടുത്തിട്ടില്ലെന്നും ജാമ്യത്തിലിറങ്ങിയ ജോര്‍ജ് പറഞ്ഞു. തീവ്രവാദി മുസ്ലിങ്ങള്‍ക്കുള്ള പിണറായിയുടെ റംസാന്‍ സമ്മാനമാണ് എന്റെ അറസ്റ്റെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലുള്ള വീട്ടിലെത്തി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ജോര്‍ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.

ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബിജിപി പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. എന്നാല്‍ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിയ ജോര്‍ജിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ കരിങ്കൊടി കാണിച്ചു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം ഉണ്ടായത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്നു പ്രാവശ്യം തുപ്പുന്നു എന്നിവയായിരുന്നു ജോര്‍ജിന്റെ ആരോപണങ്ങള്‍.

ജോര്‍ജിന്റെ വാക്കുകള്‍ വിവാദമായതോടെ യുവജനസംഘടനകളടക്കം പ്രതിഷേധം രേഖപ്പെടുത്തി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനില്‍കാന്തിനും പരാതി നല്‍കി. ഡിവൈഎഫ്ഐ പൊലീസില്‍ നേരിട്ടും പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

മനുഷ്യ സൗഹാർദ്ദം തകർക്കുന്ന തരത്തിൽ വിദ്വേഷ പ്രസംഗം നടത്തി ജോർജിന്റെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വ്യക്തമാക്കിയിരുന്നു. ജോർജിന്റെ സാധാരണ വിടുവായത്തങ്ങളിലൊന്നായി ഇതിനെ കാണാനാവില്ലെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Also Read: സംസ്ഥാനത്ത് സ്വകാര്യ ബസ്, ഓട്ടൊ, ടാക്സി പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pc george hate speech kerala police updates