കൊച്ചി: തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫോർട്ട് പോലീസ് എറണാകുളത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ പി സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സിറ്റി എആർ ക്യാമ്പിലേക്കു മാറ്റിയിരുന്നു. തുടർന്നാണ് തിരുവനന്തപുരം കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച കേസിലാണു തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ മൊഴി നൽകാനായി ജോർജ് പാലാരിവട്ടം സ്റ്റേഷനിലേക്കു വരുന്നതിനിടെയാണു തിരുവനന്തപുരത്തെ കേസിൽ ജോർജിന്റ ജാമ്യം കോടതി റദ്ദാക്കിയത്.
പാലാരിവട്ടം സ്റ്റേഷനിൽ ജോർജ് ഹാജരായതോടെ ബിജെപി പ്രവർത്തകർ പൊലീസിനും സർക്കാരിനും പ്രതിഷേധം ഉയർത്തി. പ്രതിഷേധം സംഘർഷാവസ്ഥയിലേക്കു നീങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ജോർജിനെ, സ്റ്റേഷനിൽനിന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ വാഹനത്തിൽ എ ആർ ക്യാമ്പിലേക്കു മാറ്റുകയായിരുന്നു.
എആർ ക്യാമ്പിൽ വച്ച് വെണ്ണല കേസിൽ ജോർജിന്റെ മൊഴിയെടുത്തു. തുടർന്നാണ് ഫോർട്ട് പൊലീസ് സംഘമെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമെങ്കിൽ ജോർജിനെ അറസ്റ്റ് ചെയ്യാമെന്ന്, ജാമ്യം റദ്ദാക്കിക്കൊണ്ട് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു. ജോർജിനെ നാളെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കാനായിരിക്കും ഫോർട്ട് പൊലീസിന്റെ ശ്രമം. ഇതിനിടെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണു ജോർജിന്റെ നീക്കം.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണു ജോർജിന്റെ ജാമ്യം തിരുവനന്തപുരം കോടതി റദ്ദാക്കിയത്. മകൻ അഡ്വ. ഷോൺ ജോർജിനൊപ്പമാണു ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്.
Also Read: നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി നല്‍കാനാകില്ലെന്ന് കോടതി
പിണറായി സര്‍ക്കാര്‍ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും അറസ്റ്റുണ്ടാകുമെന്നു പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണു പാലാരിവട്ടം സ്‌റ്റേഷനിലേക്കു പോകുന്നതെന്നും മകന്‍ ഷോണ്‍ ജോര്‍ജ് കോടതി ഉത്തരവ് അറിഞ്ഞയുടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമത്തിനു വിധേയമായി പ്രവർത്തിക്കുമെന്ന് പാലാരിവട്ടം സ്റ്റേഷനിലെത്തിയശേഷം ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം കേസിൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് തന്നെ അറിയിച്ചതായും ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും ഷോൺ ജോർജ് പിന്നീട് പറഞ്ഞു
പി സി ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഇവരെ ജോർജ് എത്തുന്നതിനു മുൻപ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം, ജോർജിന് ഐക്യദാഡ്യം അറിയിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ സ്റ്റേഷനു മുന്നിലെത്തി. സ്റ്റേഷനിലേക്കു തള്ളിക്കയറാൻ ശ്രമിക്കുന്ന ബിജെപി പ്രവർത്തകരെ വൻ പൊലീസ് സന്നാഹം പ്രതിരോധിച്ചു.
പിസി ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും സർക്കാരിന്റേത് ഇരട്ടനീതിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ജോർജ് നടത്തിയതിലും വലിയ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തിയവര്‍ സ്വൈര്യമായി വിഹരിക്കുന്നുവെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പൊലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം കണക്കിലെടുത്താണ് ജോർജിനെ പെട്ടന്ന് എ ആർ ക്യാമ്പിലേക്കു മാറ്റിയത്. ഇതേത്തുടർന്ന് ബിജെപി നേതാക്കളും പ്രവർത്തകരും ഷോൺ ജോർജും സംഭവസ്ഥലത്തുനിന്നും പിരിഞ്ഞു. തുടർന്ന് ഷോണും അഭിഭാഷകനും പിസി ജോർജിനെ എ ആർ ക്യാമ്പിൽ സന്ദർശിച്ചു.
കുറ്റം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം കേസിൽ ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നാലെ വെണ്ണലയിൽ ജോർജ് സമാനപ്രസംഗം നടത്തിയതോടെ, ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി പൊലീസ് തിരുവനന്തപുരം കോടതിയെ സമീപിക്കുകയായിരുന്നു. വെണ്ണല പ്രസംഗത്തിന്റ തെളിവായി പൊലീസ് സമർപ്പിച്ച സിഡി പരിശോധിച്ചശേഷമാണു കോടതി ഉത്തരവ്.
തിരുവനന്തപുരം കേസിൽ ഈ മാസം ഒന്നിനാണ് ജോർജിന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ദുർബലമായ പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്. അന്നു പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ അറസ്റ്റ് ചെയ്താണു പൊലീസ് കോടതിയിൽ ഹാജരാക്കിയത്. കുറ്റം ആവര്‍ത്തിക്കരുതെന്ന് ജാമ്യ ഉത്തരവിൽ കോടതി നിര്‍ദേശിച്ചുവെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്നായിരുന്നു തൊട്ടുപിന്നാലെയുള്ള ജോർജിന്റെ പ്രതികരണം.
Also Read: പരാതിക്കാരിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ച് വിജയ് ബാബു
വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയിരുന്നത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പുന്നു എന്നിവയായിരുന്നു പ്രസംഗത്തില്‍ ജോര്‍ജിന്റെ ആരോപണങ്ങള്‍.
വെണ്ണല കേസില്‍ ജോര്‍ജിനു ഹൈക്കോടതി കഴിഞ്ഞദിവസം ഇടക്കാല മുന്‍കൂര്‍ ജാമ്യമനുവദിച്ചിരുന്നു. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് ജോര്‍ജിനോട് നിര്‍ദേശിച്ച ജസ്റ്റിസ് പി ഗോപിനാഥ് വ്യാഴാഴ്ച വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ഇനി ഒന്നും പറയില്ലെന്ന് ഉറപ്പുണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു.
ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ പ്രസംഗം. തിരുവനന്തപുരത്തെ കേസില്‍ ജാമ്യം റദ്ദാക്കാന്‍ മജിസ്ടേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ടന്ന് പ്രോസിക്യൂഷന്‍ അറിയിച്ചപ്പോള്‍ ഇടക്കാല ജാമ്യ ഉത്തരവ് ആ കേസിനു ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വെണ്ണല കേസില്‍ ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് അറസ്റ്റിനുള്ള സാധ്യത കണ്ട് ജോര്‍ജ് ഒളിവില്‍ പോവുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ കഴിഞ്ഞദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.