തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെയും വനിതാ കമ്മീഷനെതിരെയും മോശം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎ വനിതാ കമ്മീഷൻ മുന്പാകെ വിശദീകരണം നൽകി. വനിതാ കമ്മീഷൻ ഡയറക്ടർ മുന്പാകെയാണ് വിശദീകരണം നൽകിയത്. ജോർജിന്‍റെ പരാമർശം തൃപ്തികരമാണോയെന്ന് റിപ്പോർട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്ന് കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.

സ്പീക്കറുടെ അനുമതിയോടെയാണ് ജോർജിന്‍റെ മോഴിയെടുത്തത്. നടിക്കെതിരായ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കമ്മീഷൻ ജോർജിനെതിരെ കേസെടുത്തത്. ജോർജിനെതിരെ കേസെടുക്കാമെന്ന് കമ്മീഷനു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

നേരത്തെ വനിതാ കമ്മീഷനെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ വിമർശിച്ച് വനിത കമ്മീഷൻ അദ്ധ്യക്ഷ രംഗത്തെത്തിയിരുന്നു. കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് എം.സി ജോസഫൈൻ തുറന്നടിച്ചിരുന്നു. സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകൾ പദവി മറന്നുള്ളതാണെന്നും അദ്ധ്യക്ഷ കൂട്ടിച്ചേർത്തു. പ്രോസിക്യൂഷൻ നടപടികൾക്കുള്ള കമ്മീഷന്‍റെ അധികാരം ഏടിൽ ഉറങ്ങാനുള്ളതല്ലെന്നും അവർ വ്യക്തമാക്കി.

കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നാണ് പി.സി ജോർജ് എം.എൽ.എ ആദ്യം പറഞ്ഞത്. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകില്ലല്ലോയെന്നായിരുന്നു ജോർജിന്‍റെ പരിഹാസം കലർന്ന ചോദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ