കോട്ടയം: തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ താന്‍ ഹിന്ദു ആയിരുന്നേനെയെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ താനിപ്പോ വല്ല കേശവൻ നായരും ആയിരിക്കുമെന്നാണ് പി.സി.ജോർജ് എംഎൽഎ പറഞ്ഞത്. ബിജെപിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാർ എംഎൽഎയുടെ ഇത്തരമൊരു പ്രതികരണം. ‘നമ്മൾ എല്ലാവരും ഹിന്ദുക്കളാണ് തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോള്‍ വല്ല കേശവൻ നായർ ആയിരിക്കും’ എന്നാണ് ബിജെപിയുമായുളള അടുപ്പം വിശദീകരിക്കുന്നതിനിടെ പി.സി.ജോർജ് പറഞ്ഞത്.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാനൊരുങ്ങുകയാണ് പി.സി.ജോര്‍ജിന്റെ കേരളാ ജനപക്ഷം പാർട്ടി. എൻഡിഎയോട് പാലാ സീറ്റ് ആവശ്യപ്പെട്ട് മത്സരരംഗത്ത് ഇറങ്ങാനാണ് തീരുമാനം. എൻഡിഎ സമ്മതം മൂളിയാല്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലർ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും.

Read: എന്‍ഡിഎയ്ക്ക് ഇനി രണ്ട് എംഎല്‍എമാര്‍; ബിജെപിക്ക് കൈ കൊടുത്ത് ജോര്‍ജ്

രക്ഷാധികാരി സ്ഥാനത്തേക്ക് മാത്രമായി ഒതുങ്ങാനാണ് ജോര്‍ജിന്റെ തീരുമാനം. പാലായിലെ സ്ഥാനാർഥി ആരെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന മേയ് 23ന് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും പി.സി.ജോർജ് വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നീക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ പാര്‍ട്ടിയില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജൂണിൽ നടപടികൾ ആരംഭിക്കും. 14 ജില്ലകളിലും 4 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇവർ പഞ്ചായത്തു. തലത്തിൽനിന്നു തുടങ്ങി ഭാരവാഹി നിർണയം നടത്തും. അതേസമയം, കേരളാ ജനപക്ഷത്തിന്‍റെ നിലവിലുള്ള മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡ പ്രകാരം പാർട്ടി രൂപീകരണം നടത്തുന്നതിന്റെ ഭാഗമായാണു ഈ നടപടികള്‍ എന്നാണ് ജോര്‍ജ് വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.