തിരുവനന്തപുരം: പി.സി.ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്നും പുരുഷന്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് പി.സി.ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

”നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണ്. പുരുഷന്മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണ്. പുരുഷന്മാര്‍ അരക്ഷിതരാണ്. ഇവരുടെ സംരക്ഷണത്തിനായി നിയമം വേണം”- പി.സി.ജോർജ് നിയമസഭയിൽ പറഞ്ഞു.

Read Also: വെള്ളം മാത്രം കുടിച്ച് ഞാനും അമ്മയും ഒന്‍പത് ദിവസം വീട്ടിലിരുന്നു; കുട്ടിക്കാലത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേഹ സക്‌സേന

നിയമസഭയിൽ തന്നെ ജോർജിനെതിരെ പ്രതിഷേധമുയർന്നു. ഇ.എസ്.ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിൽ വനിതാ എംഎൽഎമാർ പി.സി.ജോർജിനെതിരെ രംഗത്തെത്തി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകള്‍ സഭാ രേഖയില്‍ ഉണ്ടാകരുതെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ സ്‌പീക്കർ വിഷയത്തിൽ ഇടപെട്ടു. ഇതേ തുടർന്ന് സ്ത്രീകള്‍ അഴിഞ്ഞാടുകയാണ് എന്ന പരാമര്‍ശം ജോര്‍ജ് പിന്‍വലിച്ചു. എന്നാല്‍ രാജ്യത്തെ പുരുഷന്‍മാര്‍ അരക്ഷിതരാണ് എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചു നിന്നു.

Read Also: നിഷ ദയനീയ പരാജയമായിരിക്കും: പി.സി.ജോര്‍ജ്

അംഗനവാടികളിലെ ആശാവര്‍ക്കര്‍മാരുടെ വേതനവര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ജോര്‍ജ് വിവാദപരാമര്‍ശം നടത്തിയത്.

നേരത്തെയും നിരവധി വിവാദ പ്രസ്‌താവനകൾ നടത്തിയിട്ടുള്ള എംഎൽഎയാണ് പി.സി.ജോർജ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.