കൊച്ചി: എസ്‌ഡിപിഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് പി.സി.ജോര്‍ജ് എസ്ഡിപിഐയെ തള്ളിപ്പറഞ്ഞത്. എസ്‌ഡിപിഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കി. കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണമെന്നും കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

ഇടതുവലതു കക്ഷികളുടെ പിന്തുണയില്ലാതെ പൂഞ്ഞാറില്‍ മല്‍സരിച്ച് വിജയിച്ച വ്യക്തിയാണ് പി.സി.ജോര്‍ജ് എംഎല്‍എ. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് വേളയില്‍ എസ്‌ഡിപിഐ പിന്തുണ നല്‍കിയത് ഏറെ വാര്‍ത്തയായിരുന്നു.

ഞായറാഴ്‌ച അര്‍ദ്ധ രാത്രിയോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. മഹാരാജാസ് കോളജില്‍ പുതിയ അക്കാദമിക് വര്‍ഷത്തിലെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യാനായി പോസ്റ്റര്‍ പതിക്കുന്നതും ചുവരെഴുതുന്നതും സംബന്ധിച്ച വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എസ്എഫ്ഐ, കാമ്പസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുളള വാക്ക് തര്‍ക്കത്തില്‍ പുറത്തുനിന്നുളളവര്‍ വന്ന് വിദ്യാര്‍ത്ഥികളെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അഭിമന്യു സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒപ്പം കുത്തേറ്റ അര്‍ജുന്‍ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ