കൊച്ചി/തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ കോടതി റിമാൻഡ് ചെയ്ത പി സി ജോർജിനെ ജില്ലാ ജയിലിൽനിന്നു പൂജപ്പുര സെൻട്രൽ ജയിലേക്കു മാറ്റി. സുരക്ഷയും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് ജയിൽ മാറ്റം.
ഫോർട്ട് പൊലീസ് ഇന്നലെ വൈകീട്ട് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത പി സി ജോർജിനെ രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇന്നു രാവിലെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ജോർഡിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന്, വൈദ്യപരിശോധനയ്ക്കു ശേഷം രാവിലെ പത്തോടെയാണു ജില്ലാ ജയിലിലേക്കു മാറ്റിയത്.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതാണ് അറസ്റ്റിനു വഴിവച്ചത്. ജോർജിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ചാണ് റിമാൻഡ് ചെയ്തത്. ശബ്ദസാമ്പിളുകള്‍ എടുക്കണമെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
അതിനിടെ, ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്കു മാറ്റി. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ജോർജിന്റെ ഹർജി. ഇന്നലെ രാത്രിയാണ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ നിലപാടറിയിക്കാൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സാവകാശം തേടി. വെണ്ണല കേസിൽ പാലാരിവട്ടം പൊലീസ് അനാവശ്യമായി ചോദ്യം ചെയ്യൽ നീട്ടിയെന്ന ജോർജ് ആരോപിച്ചു. തിരുവനന്തപുരം കേസിലെ ഉത്തരവ് കിട്ടാൻ വേണ്ടിയാണ് ചോദ്യം ചെയ്യൽ നീട്ടിയത്. തിരുവനന്തപുരം കോടതി പാലാരിവട്ടം കേസിലെ രേഖകൾ പരിശോധിച്ചാണ് ജാമ്യം റദ്ദാക്കിയതെന്നും അത് തെറ്റാണെന്നും ജോർജ് ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്തിട്ട് എന്താണ് ചെയ്യാനുള്ളതെന്നും കസ്റ്റഡിയിലെടുത്തതിന്റെ ഉദ്ദേശ്യമെന്താണന്നും കോടതി ചോദിച്ചു. വീഡിയോ ദൃശ്യങ്ങൾ കയ്യിലുള്ളപ്പോൾ കസ്റ്റഡി എന്തിനാണന്നും മറുപടി നൽകാൻ ജസ്റ്റിസ് പി ഗോപിനാഥ് പ്രോസിക്യൂഷനോട് നിർദേശിച്ചു. ജോർജ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടെങ്കിലും കേസ് കോടതി നാളത്തേക്കു മാറ്റുകയായിരുന്നു.
എറണാകുളം വെണ്ണലയിൽ ക്ഷേത്രപരിപാടിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജോർജിന്റെ അറസ്റ്റ് കോടതി വിലക്കി. ഈ കേസും നാളെ പരിഗണിക്കും.
തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സിറ്റി എആർ ക്യാമ്പിലേക്കു മാറ്റിയിരുന്നു. തുടർന്നാണ് തിരുവനന്തപുരം കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. വെണ്ണല മൊഴി നൽകാനായി ജോർജ് പാലാരിവട്ടം സ്റ്റേഷനിലേക്കു വരുന്നതിനിടെയാണു തിരുവനന്തപുരത്തെ കേസിൽ ജോർജിന്റ ജാമ്യം കോടതി റദ്ദാക്കിയത്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണു ജോർജിന്റെ ജാമ്യം തിരുവനന്തപുരം കോടതി റദ്ദാക്കിയത്. ആവശ്യമെങ്കിൽ ജോർജിനെ അറസ്റ്റ് ചെയ്യാമെന്ന്, ജാമ്യം റദ്ദാക്കിക്കൊണ്ട് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു.
കുറ്റം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം കേസിൽ ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നാലെ വെണ്ണലയിൽ ജോർജ് സമാനപ്രസംഗം നടത്തിയതോടെ, ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി പൊലീസ് തിരുവനന്തപുരം കോടതിയെ സമീപിക്കുകയായിരുന്നു. വെണ്ണല പ്രസംഗത്തിന്റ തെളിവായി പൊലീസ് സമർപ്പിച്ച സിഡി പരിശോധിച്ചശേഷമാണു കോടതി ഉത്തരവ്.
Also Read: എന്തും വിളിച്ച് പറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കും: മുഖ്യമന്ത്രി