തിരുവനന്തപുരം. വിദ്വേഷ പ്രസംഗത്തിന് പിന്നാലെ മുന്‍ എംഎല്‍എ പി. സി. ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം. അറസ്റ്റിന്റെ കാരണം വ്യക്തമാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി ജാമ്യ ഉത്തരവില്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ ജനപ്രതിനിധി ആയതിനാല്‍ ഒളിവില്‍ പോകുമെന്ന് കരുതുന്നില്ലെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷനെ കേള്‍ക്കാതെ തന്നെ ജാമ്യം നല്കാവുന്ന കുറ്റങ്ങളാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് ഈരാറ്റുപേട്ടയിലെ വസതിയിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് ജോർജിനെതിരെ ചുമത്തിയിരുന്നത്.
വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശ കോശിയാണ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്. കോടതി അവധിയായതിനാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ജോര്‍ജിനെ നേരിട്ട് ഹാജരാക്കുകയായിരുന്നു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നവെന്നായിരുന്നു ജാമ്യത്തിലിറങ്ങിയ ജോര്‍ജിന്റെ ആദ്യ പ്രതികരണം.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം ഉണ്ടായത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്നു പ്രാവശ്യം തുപ്പുന്നു എന്നിവയായിരുന്നു ജോര്‍ജിന്റെ ആരോപണങ്ങള്‍.
ജോര്‍ജിന്റെ വാക്കുകള്‍ വിവാദമായതോടെ യുവജനസംഘടനകളടക്കം പ്രതിഷേധം രേഖപ്പെടുത്തി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനില്‍കാന്തിനും പരാതി നല്കി. ഡിവൈഎഫ്ഐ പൊലീസില്‍ നേരിട്ടും പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മനുഷ്യ സൗഹാർദ്ദം തകർക്കുന്ന തരത്തിൽ വിദ്വേഷ പ്രസംഗം നടത്തി ജോർജിന്റെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വ്യക്തമാക്കിയിരുന്നു. ജോർജിന്റെ സാധാരണ വിടുവായത്തങ്ങളിലൊന്നായി ഇതിനെ കാണാനാവില്ലെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Also Read: ആയുധമായി സില്‍വര്‍ ലൈന്‍; തൃക്കാക്കരയിലൂടെ കേരളത്തിലെത്താന്‍ ആംആദ്മി