scorecardresearch

രവി പൂജാരി എന്നേയും വിളിച്ച് ഭീഷണിപ്പെടുത്തി, എന്റെ പ്രാക്ക് കൊണ്ടാവാം പിടിയിലായത്; പി.സി ജോര്‍ജ്

താന്‍ എന്താണ് മറുപടി പറഞ്ഞതെന്നും പി.സി ജോര്‍ജ് പറയുന്നുണ്ട്

രവി പൂജാരി എന്നേയും വിളിച്ച് ഭീഷണിപ്പെടുത്തി, എന്റെ പ്രാക്ക് കൊണ്ടാവാം പിടിയിലായത്; പി.സി ജോര്‍ജ്

കൊച്ചി: അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരി തന്നേയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പി.സി ജോര്‍ജ് എംഎല്‍എ. ആഫ്രിക്കയില്‍ നിന്നാണ് തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ മകനെ കൊല്ലുമെന്ന് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കൈരളി ടിവിയിലെ ‘ഞാന്‍ മലയാളി’ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ ‘നീ പോടാ റാസ്കല്‍’ എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും പിസി ജോര്‍ജ് പറഞ്ഞു. തന്റെ പ്രാക്ക് കൂടി കാരണമാകാം രവി പൂജാരി പിടിയിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കർണാടക സർക്കാരിന്റെ പരിശ്രമത്തെ തുടർന്നാണ് സെനഗളിൽ നിന്ന് രവി പൂജാരിയെ പിടികൂടാൻ സാധിച്ചതെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. . ഇന്ത്യൻ ചാരസംഘടനയായ റോയും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലെ വെടിവെപ്പ് കേസിൽ രവി പൂജാരിയെ പ്രതി ചേർത്തിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയാണ് രവി. ഇതു സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കർണാടക,​ മുംബൈ പൊലീസിന്റെ നടപടികൾക്ക് ശേഷമായിരിക്കും ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് നടത്തിയ അന്വേഷണത്തിലും പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pc george alleges ravi pujari threatened him