തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടെത്തിയ പി.സി.ചാക്കോയെ എന്‍സിപിയേക്ക് സ്വീകരിക്കവെ പൊട്ടിക്കരഞ്ഞ് മന്ത്രി എ.കെ.ശശീന്ദ്രന്‍. പി.സി. ചാക്കോയ്ക്ക് എന്‍സിപി സംസ്ഥാന കമ്മിറ്റി നല്‍കിയ ഔദ്യോഗിക സ്വീകരണ യോഗത്തിലാണ് സംഭവം.
എ.കെ.ശശീന്ദ്രന്റെ തൊട്ടടുത്തായി പി.സി.ചാക്കോയും എന്‍സിപി ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടി.പി.പീതാംബരനും ഉണ്ടായിരുന്നു. ചാക്കോ തിരിച്ചെത്തുന്ന യോഗത്തില്‍ എന്‍സിപി മുന്‍ നേതാവും മന്ത്രിയുമായിരുന്ന എ.സി.ഷണ്‍മുഖദാസ് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പി.സി.ചാക്കോ തനിക്ക് സഹോദര തുല്യനാണെന്ന് ശശീന്ദ്രൻ പറഞ്ഞു.
പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചാക്കോ ഉയര്‍ത്തിയത്. കെപിസിസി എന്നത് കേരള പ്രദേശ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറിയെന്നും അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായി മാറിയെന്നും പി.സി.ചാക്കോ കുറ്റപ്പെടുത്തി. കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉൾക്കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്ന് കണ്ടറിയണമെന്നും ചാക്കോ പറഞ്ഞു.