scorecardresearch
Latest News

‘ഉമ്മൻചാണ്ടിയും രമേശും വീട്ടിലിരുന്ന് തീരുമാനിക്കുന്നു’; ഗ്രൂപ്പിസം കൊണ്ട് പൊറുതിമുട്ടിയെന്ന് ചാക്കോ

ഇന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് താൻ കോൺഗ്രസ് വിടുകയാണെന്ന് ചാക്കോ പ്രഖ്യാപിച്ചത്. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി

‘ഉമ്മൻചാണ്ടിയും രമേശും വീട്ടിലിരുന്ന് തീരുമാനിക്കുന്നു’; ഗ്രൂപ്പിസം കൊണ്ട് പൊറുതിമുട്ടിയെന്ന് ചാക്കോ

ന്യൂഡൽഹി: കരുണാകരനും ആന്റണിയും കൊണ്ടുനടന്ന ഗ്രൂപ്പല്ല ഇപ്പോൾ കോൺഗ്രസിലെന്ന് പി.സി.ചാക്കോ. കേരളത്തിലെ ഗ്രൂപ്പിസത്തിൽ പൊറുതിമുട്ടിയാണ് താൻ പാർട്ടി വിടുന്നതെന്ന് ചാക്കോ ആവർത്തിച്ചു. കരുണാകരന്റെയും ആന്റണിയുടെയും കാലത്ത് ഇവിടെ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ, അന്ന് രണ്ട് ഗ്രൂപ്പുകൾ ആണെങ്കിലും പരസ്‌പരം ചർച്ച നടന്നിരുന്നു. ഇന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൊണ്ടുനടക്കുന്ന ഗ്രൂപ്പിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തി.

“ഗ്രൂപ്പ് പണ്ടും ഉണ്ടായിരുന്നു. പക്ഷേ, പണ്ടത്തെ ഗ്രൂപ്പല്ല ഇപ്പോൾ. കരുണാകരനും ആന്റണിയും രണ്ട് ഗ്രൂപ്പായിരുന്നു. അവര് പോയി കഴിഞ്ഞപ്പോൾ ആ ഗ്രൂപ്പ് അവകാശപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. അന്ന് പാർട്ടി ഒന്നിച്ചിരുന്ന് ആലോചിക്കുമായിരുന്നു. കരുണാകരനും ആന്റണിയുമുള്ള കോൺഗ്രസ് രണ്ട് ശക്തമായ ഗ്രൂപ്പ് ആണെങ്കിലും തൃശൂരിൽ കരുണാകരൻ മത്സരിക്കുന്ന സീറ്റിൽ വേറെ സ്ഥാനാർഥിയുണ്ടോയെന്ന് അന്ന് ഞങ്ങൾ ആലോചിക്കുമായിരുന്നു. ഇന്നിപ്പോൾ അങ്ങനെയല്ല. ഇന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അവരവരുടെ വീട്ടിലിരുന്ന് സീറ്റുകൾ വീതംവയ്‌ക്കുകയാണ്. ഒരു ഗ്രൂപ്പിന്റെ സീറ്റ് രമേശ് തീരുമാനിക്കും. മറ്റേത് ഉമ്മൻ ചാണ്ടി തീരുമാനിക്കും. കരുണാകരനും ആന്റണിയും കൊണ്ടുനടന്ന ഗ്രൂപ്പല്ല ഇന്നത്തേത്,” ചാക്കോ പറഞ്ഞു.

Read Also: ‘ഇവിടെ മൊത്തം പ്രശ്‌നമാണ്;’ പി.സി.ചാക്കോ കോൺഗ്രസ് വിട്ടു

ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിന്റെ അപജയത്തിനു കാരണമാകുമെന്ന് ചാക്കോ പറഞ്ഞു. ഗ്രൂപ്പുകൾക്ക് അതീതമായി കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ, അത് ഫലം കണ്ടില്ല. അതുകൊണ്ടാണ് രാജിവയ്‌ക്കുന്നതെന്നും ചാക്കോ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

“ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും തന്ന പേരുകളാണ് സ്ഥാനാർഥി തിരഞ്ഞെടുപ്പിനുള്ള സ്ക്രീനിങ് കമ്മിറ്റിയിലേക്ക് എത്തിയത്. പ്രദേശ് ഇലക്ഷൻ കമ്മിറ്റി ഇതൊന്നും അറിഞ്ഞിട്ടില്ല. ഞാൻ തിരഞ്ഞെടുപ്പ് കമ്മിറ്റി മെന്പർ ആണ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ചയൊന്നും നടക്കാതെയാണ് പേരുകൾ സ്ക്രീനിങ് കമ്മിറ്റിയിലേക്ക് എത്തിയത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകിയ പേരുകളാണ് അതെല്ലാം. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവയ്‌പ് മാത്രമാണ് നടക്കുന്നത്. വിജയസാധ്യതയും സ്ഥാനാർഥികളുടെ കഴിവുമാണ് പരിഗണിക്കേണ്ടതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ, അതൊന്നും നടക്കുന്നില്ല. വി.എം.സുധീരനെ ഗ്രൂപ്പുകൾ ശ്വാസംമുട്ടിച്ച് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നു,” ചാക്കോ പറഞ്ഞു.

ഇന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് താൻ കോൺഗ്രസ് വിടുകയാണെന്ന് ചാക്കോ പ്രഖ്യാപിച്ചത്. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കോൺഗ്രസുകാരൻ ആയിരിക്കുക അസാധ്യമെന്നും കേരളത്തിൽ ഗ്രൂപ്പ് വീതംവയ്‌പുകൾ മാത്രമാണ് നടക്കുന്നതെന്നും പറഞ്ഞാണ് രാജി പ്രഖ്യാപനം നടത്തിയത്.

അതേസമയം, ബിജെപിക്ക് കേരളത്തിൽ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ സാധിക്കില്ലെന്നും ചാക്കോ പറഞ്ഞു. 2016 ൽ ഒരു സീറ്റാണ് നേടിയത്. ഇത്തവണ ചിലപ്പോൾ അത് രണ്ട് സീറ്റാകാം. അതിൽ കൂടുതൽ നേട്ടങ്ങളൊന്നും കേരളത്തിൽ നിന്ന് ബിജെപിക്ക് ലഭിക്കില്ലെന്നും ചാക്കോ പറഞ്ഞു. എന്നാൽ, ഇടത് മുന്നണിക്കെതിരെ ചാക്കോ ഒന്നും പറഞ്ഞിട്ടില്ല. നേരത്തെ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിച്ച അനുഭവമുണ്ടെന്നും ചാക്കോ ചൂണ്ടിക്കാട്ടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pc chacko against ramesh chennithala and oomman chandy