തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരിനും സിപിഎം പൊളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം. യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയെങ്കിലും മൂന്ന് മുതിര്‍ന്ന നേതാക്കള്‍ അതില്‍ തൃപ്തരായില്ല.

യുഎപിഎ വിഷയത്തില്‍ പാര്‍ട്ടിക്ക് ദേശീയ നിലപാടുണ്ടെന്നും അതിനു വിപരീതമായാണ് സിപിഎം ഭരിക്കുന്ന സംസ്ഥാനത്തില്‍ തന്നെ അറസ്റ്റുണ്ടായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നല്‍കിയ വിശദീകരണം ബാലിശമാണെന്നും പൊലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും പിബിയില്‍ വിമര്‍ശനമുയര്‍ന്നു.

ശബരിമല ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. യുഎപിഎ വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്യാനും പിബിയിൽ തീരുമാനിച്ചു.

Read Also: പത്ത് വോട്ടിന് വേണ്ടി നാട് നശിപ്പിക്കാന്‍ നോക്കുന്നവരെ ശ്രദ്ധിച്ചേക്കണേ; ശബരിമല ശാസ്താവിനോട് പ്രാര്‍ഥിച്ച് യു.പ്രതിഭ

രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊളിറ്റ് ബ്യൂറോയിൽ വിശദീകരണം നൽകിയിരുന്നു. പൊലീസാണ് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ വിഷയം സര്‍ക്കാരിന്റെ മുന്നിലെത്തുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.

യുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പിബി വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ ലിംഗസമത്വം വേണമെന്നതാണ് പാര്‍ട്ടി നിലപാട്. സുപ്രീം കോടതി ഉത്തരവ് ആശയക്കുഴപ്പമുണ്ടാക്കുന്നതായും പിബി വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.