scorecardresearch

Latest News

പഴനി പീഡനക്കേസിൽ ദുരൂഹത; തമിഴ്നാട് പൊലീസ് ദമ്പതികളുടെ മൊഴിയെടുത്തു

തലശേരി ഡിവൈഎസ്‌പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു നിന്നു

rape, rape cases, ie malayalam

കണ്ണൂര്‍: തലശേരി സ്വദേശിനി പഴനിയില്‍ പീഡനത്തിനിരയായെന്ന കേസിൽ ദുരൂഹത. യുവതിയും ഭര്‍ത്താവും നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതായി ഡിണ്ടിഗല്‍ റേഞ്ച് ഡിഐജി ബി.വിജയകുമാരി വ്യക്തമാക്കി.

തമിഴ്നാട് പൊലീസ് സംഘം തലശേരിയിലെത്തി ദമ്പതികളുടെ മൊഴി രേഖപ്പെടുത്തി. തലശേരി ഡിവൈഎസ്‌പി ഓഫീസില്‍ നടന്ന മൊഴിയെടുക്കൽ അഞ്ച് മണിക്കൂറോളം നീണ്ടു.

തന്നെ ബിയർ കുപ്പി ഉപയോഗിച്ച് പരുക്കേൽപ്പിച്ചുവെന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാൽ അത്തരം പരുക്കുകളൊന്നും യുവതിയുടെ ശരീരത്തിലില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തമിഴ്നാട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതി ഇന്നലെ തലശേരി മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു. ഇതിന്റെ പകര്‍പ്പ് കൂടി ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നിഗമനത്തിലെത്തുക.

ജൂൺ 20നു പഴനിയിൽ തീർത്ഥാടനത്തിന് പോയപ്പോൾ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് തന്റെ ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് കണ്ണൂർ സ്വദേശിയായ യുവാവിന്റെ പരാതി. ബലാത്സംഗത്തിനിടെ വലിയ തോതില്‍ മുറിവേറ്റതായി പറഞ്ഞ് പരിയാരം മെഡിക്കൽ കോളേജിൽ യുവതി ചികിത്സ തേടിയിരുന്നു.

ബലാത്സംഗം നടന്നതിനെ പറ്റി പഴനി പൊലീസില്‍ പരാതി നല്‍കിയിട്ടും സഹായം ലഭിച്ചില്ലെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തിനു ശേഷം ഒരു സംഘം തന്റെ പണം അപഹരിച്ചുവെന്നും ഡിണ്ടിഗല്ലിലുള്ള സഹോദരിയുടെ പക്കല്‍നിന്ന് പണം വാങ്ങിയാണ് കേരളത്തിലേക്ക് മടങ്ങിയതെന്നും യുവാവ് പറയുന്നു.

ലോഡ്ജുടമയില്‍ നിന്ന് പണം തട്ടാനുള്ള യുവാവിന്റെ ശ്രമമാണോ പരാതിക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പഴനിയില്‍ നടക്കുന്ന അന്വേഷണത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കുക. ഒരാൾ തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടതായും തലശേരിയിൽ വരാൻ ആവശ്യപ്പെട്ടതായും ലോഡ്ജ് ഉടമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read: പഴനിയിൽ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം: ദിണ്ടിഗൽ എസ്പി അന്വേഷണം ആരംഭിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pazhani rape allegation tamil nadu police questioned complainants