കോഴിക്കോട്: ബിഎംഎസ് നേതാവായിരുന്ന പയ്യോളിയിലെ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് വാദിച്ച് വീണ്ടും കോഴിക്കോട് ജില്ല സെക്രട്ടറി മോഹനൻ രംഗത്ത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളുടെ കരുനീക്കമാണെന്ന് ആരോപിച്ച മോഹനൻ, പ്രതികളെ ഇവർ വിലക്കെടുത്തതായും ആരോപിച്ചു.

“സിപിഎമ്മിന് പയ്യോളി മനോജ് വധക്കേസിൽ യാതൊരു ബന്ധവുമില്ല. സിബിഐയെ രാഷ്ട്രീയ എതിരാളിഖൾ ആയുധമാക്കുകയാണ്. ഇതിന് പിന്നിൽ വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനും പങ്കുണ്ട്. സംഭവത്തിന് പിന്നിൽ പ്രതികളാക്കപ്പെട്ട ചില സിപിഎം പ്രവർത്തകരെ ഇവർ വിലക്കെടുത്തു”, മോഹനൻ ആരോപിച്ചു.

കേസിൽ സിപിഎമ്മിന് അകത്തെ വിഭാഗീയത മൂലം നിരപരാധിയായ താനടക്കമുളളവരെ പ്രതികളാക്കിയെന്ന് പയ്യോളി മുൻ ലോക്കൽ കമ്മിറ്റി അംഗമായ വടക്കേൽ ബിജു ഇന്നലെ പറഞ്ഞിരുന്നു. പൊലീസ് അവര്‍ക്കു ലഭിച്ച പട്ടിക പ്രകാരമാണ് പ്രതികളെ നിശ്ചയിച്ചതെന്നും പൊലീസ് അന്വേഷണം ശരിയായിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും ബിജു ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ജില്ല സെക്രട്ടറി ഇതിനെതിരെ രംഗത്ത് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ