കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിൽ പാർട്ടിയിലെ വിഭാഗീയത മൂലം നിരപരാധിയായ താനടക്കമുളളവരെ പ്രതികളാക്കിയെന്ന് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. പയ്യോളി മുൻ ലോക്കൽ കമ്മിറ്റി അംഗമായ വടക്കേൽ ബിജുവാണ് സിപിഎമ്മിനെതിരായ വെളിപ്പെടുത്തൽ നടത്തിയത്. പൊലീസ് അവര്‍ക്കു ലഭിച്ച പട്ടിക പ്രകാരമാണ് പ്രതികളെ നിശ്ചയിച്ചത്. പൊലീസ് അന്വേഷണം ശരിയായിരുന്നില്ല. സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും ബിജു മനോരമ ന്യൂസിനോട് പറഞ്ഞു.

കേസിൽ ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെ ഒൻപതു സിപിഎമ്മുകാരെ സിബിഐ സംഘം അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. പയ്യോളിയിൽ ബിജെപി പ്രവർത്തകൻ സി.ടി.മനോജ് കൊല്ലപ്പെട്ട കേസിൽ ജില്ല കമ്മിറ്റിയംഗവും റിട്ട. അധ്യാപകനുമായ ടി. ചന്തു, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. രാമചന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗം സി. സുരേഷ്, പി. അനൂപ്, പയ്യോളി നഗരസഭാ കൗൺസിലർ കെ.ടി. ലിഖേഷ്, ലോക്കൽ കമ്മിറ്റിയംഗം എൻ.സി. മുസ്തഫ, അഖിൽനാഥ് കൊടക്കാട്ട്, നെരവത്ത് രതീഷ്, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുൻ സെക്രട്ടറി പി.കെ. കുമാരൻ എന്നിവരെയാണ് തിരുവനന്തപുരത്തുനിന്നെത്തിയ സിബിഐ സംഘം അറസ്റ്റു ചെയ്തത്.

2012 ഫെബ്രുവരി 12നാണ് ബിജെപി പ്രവർത്തകനായ മനോജിനെ വീട്ടിൽ അതിക്രമിച്ചു കയറിയ മുഖംമൂടിസംഘം വെട്ടി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പ്രതികളെ നിശ്‌ചയിച്ചതിനാൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന് പൊതുപ്രവർത്തകനും മനോജിന്റെ സുഹൃത്തുമായ സാജിദ് സമർപ്പിച്ച ഹർജിയിലാണ് 2016 ജനുവരി 28ന് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.