തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പതിനൊന്നാം ശമ്പളകമ്മീഷന്‍ ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കിയേക്കും. റിപ്പോർട്ട് പ്രകാരം, കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആകാൻ സാധ്യത. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവും. ഫെബ്രുവരി മാസം പകുതിയോടെ ഉത്തരവ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ധനകാര്യ വകുപ്പ്.

നിലവിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷം രൂപയുമാണ്. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാവുന്നതോടെ കൂടിയ പെന്‍ഷനും വർധിക്കും. പെന്‍ഷൻ വര്‍ധിച്ച് 70,000 രൂപയാകും. ഇപ്പോള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വര്‍ധനയും കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വര്‍ധനയുമാണ് കമ്മീഷന്‍ ശിപാര്‍ശ ചെയ്യാന്‍ സാധ്യത.

Read More: സംസ്ഥാനത്ത് പെട്രോള്‍ വിലയും സര്‍വകാല റെക്കോഡില്‍; ഡീസല്‍ വില വര്‍ധന തുടരുന്നു

ശമ്പളവും പെൻഷനും വർധിക്കുന്നതോടെ ഈ ഇനത്തിലുള്ള സർക്കാരിന്റെ സാമ്പത്തികബാധ്യതയിലുള്ള വർധന 10 ശതമാനത്തിൽ കൂടരുതെന്നാണ് സർക്കാരും ശമ്പളകമ്മിഷനും തമ്മിലുള്ള ധാരണ.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പുറത്തിറങ്ങുന്നതിന് മുൻപ് ശമ്പള പരിഷ്കരണ ഉത്തരവുണ്ടാകുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞിരുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനു പുറമെ വിരമിച്ചവരുടെ പെൻഷൻ, സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷനുകൾ എന്നിവ വർധിപ്പിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽ നിന്നു 2500 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

2012 നു ശേഷം നിയമിച്ച സർക്കാർ പ്രീപ്രൈമറി സ്കൂളിലെ അധ്യാപകർക്കും (2267 പേർ) ആയമാർക്കും (1907 പേർ) 1000 രൂപ വീതം നൽകും. യുജിസി അധ്യാപകരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച തടസങ്ങള്‍ നീക്കാന്‍ നടപടിയെടുത്തു. ഫെബ്രുവരിയില്‍ പുതിയ ശമ്പളം ലഭിക്കും. കുടിശിക പി.എഫില്‍ ലയിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook