സ്വന്തം മുടി നീട്ടിവളർത്തിയത് മാത്രമാണ് മാല മോഷ്ടാവെന്ന് തെറ്റിദ്ധരിക്കപ്പെടാൻ വിനായക് ചെയ്ത തെറ്റ്. അവനിന്നില്ല. അവനെ മരണത്തിലേക്ക് തള്ളിവിട്ടവർക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്ന് ഉന്നയിച്ച് ശക്തമായ ക്യാംപെയിനുകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ആ നീതിയിലേയ്ക്ക് എത്ര ദൂരം എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഈ കേസിന്റെ ഇതുവരെയുള്ള സാഹചര്യ തെളിവുകൾ, ദളിത് യുവാവിന് ലഭിക്കേണ്ട നീതിയെ അകറ്റിനിർത്താനുളള​ സാധ്യതകളാണ് നിയമ വിദഗ്‌ദ്ധരുൾപ്പടെയുളളവരുടെ വിശകലനം വ്യക്തമാക്കുന്നത്. വിനായകന് നീതി തേടി സോഷ്യൽ മീഡിയായിലും പുറത്തും ക്യാംപെയിൻ ശക്തമാകുമ്പോഴും നീതി ലഭിക്കുന്നതിന് ആവശ്യമായ തെളിവുകൾ ലഭ്യമാക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ജൂലൈ 17 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വിനായകിനെയും സുഹൃത്തായ ശരതിനെയും പാവറട്ടി പൊലീസ് മുല്ലശ്ശേരി പഞ്ചായത്തിലെ മധുക്കരയില്‍ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഒരു പെൺകുട്ടിയോട് സംസാരിച്ചുകൊണ്ട് നിന്ന തങ്ങളെ മാല മോഷ്ടാക്കളാണെന്ന പേരിലാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് പിന്നീട് ശരത്ത് വെളിപ്പെടുത്തിയിരുന്നു.

കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്ന വാദത്തെ സാധൂകരിക്കുന്ന മുറിവുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും, ക്രിമിനൽ നിയമ പ്രകാരം പ്രതികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും ഇപ്പോഴുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

Read More: വിനായകന്റെ ശരീരത്തിൽ നിരവധി മുറിവുകൾ; വ്യക്തതയില്ലാത്ത പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഈ കേസിൽ പൊലീസ് സംഘത്തിന് വീഴ്ച പറ്റിയതായാണ് അസിസ്റ്റന്റ് കമ്മിഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രണ്ട് സിപിഒ മാരെ സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷനിൽ ഒതുങ്ങേണ്ടതാണോ ഇവർ ചെയ്ത തെറ്റെന്നാണ് ചോദ്യമുയരുന്നത്. ഇപ്പോഴത്തെ നിലയിൽ വിനായകന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാർക്ക് അർഹമായ ശിക്ഷ ലഭിച്ചേക്കില്ലെന്ന് വിദഗദ്ധർ വിലയിരുത്തുന്നു.

ജൂലൈ 18 ന് മരിച്ച നിലയിൽ കണ്ടെത്തിയ വിനായകൻ, പൊലീസ് മർദ്ദനമേറ്റതിനെ തുടർന്ന്   ചികിത്സയക്ക് വിധേയനായിരുന്നോ എന്നത്  ഇതിൽ പ്രധാനമായ കാര്യമാണ് . പൊലീസ് മർദ്ദനത്തെ കുറിച്ച്  അധികാരികളോട് പരാതിപ്പെടുകയും ചികിത്സ തേടുകയും ചെയ്തിട്ടില്ലെങ്കിൽ ഇത് കേസിലെ ഒരു പഴുതായിമാറാനുളള​സാധ്യത ഉണ്ട്.  കേരള ഹൈക്കോടതിയിലെ  അഭിഭാഷകനായ സുജേഷ് മേനോൻ പറഞ്ഞു.

ജൂലൈ 17 ന് കസ്റ്റഡിയിലെടുത്ത വിനായകനെ അന്ന് വൈകിട്ടാണ് പൊലീസ് വിട്ടയച്ചത്. എന്നാൽ കസ്റ്റഡിയിൽ വിനായകന് ക്രൂര മർദ്ദനമേറ്റതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത്ത് മരണത്തിന് ശേഷമാണ് വെളിപ്പെടുത്തിയത്.

മരണശേഷം ഉയർന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇനി കേസ് തെളിയിക്കാൻ ശക്തമായ അന്വേഷണവും മതിയായ സാഹചര്യത്തെളിവുകളുമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ജൂലൈ 24 നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ മരണത്തിന് മുൻപ് ശരീരത്തിൽ മുറിവുകളുള്ളതായി പൊലീസ് സർജൻ എൻഎ ബൽറാം കണ്ടെത്തിയിരുന്നു. ഒരു മൃതദേഹത്തിൽ മരണത്തിന് മുൻപ് ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിൽ ഇക്കാര്യം പൊലീസ് അന്വേഷണത്തിന് സഹായകമാകും വിധം വിശദീകരിക്കേണ്ടതാണെന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച  ഒരു ഫോറൻസിക് വിദഗ്ദ്ധൻ പ്രതികരിച്ചു. “മരണകാരണം എന്താണ് എന്ന് അറിയുന്നതിനാണ്  പോസ്റ്റുമോർട്ടം നടത്തുന്നത്. ഇതിനാവശ്യമായ മുഴുവൻ വിവരങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടുത്തണം,” അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റെന്ന കാര്യം വ്യക്തമാകുന്നുണ്ടെങ്കിലും, പൊലീസിനെ പ്രതിസ്ഥാനത്ത് നിർത്താവുന്ന വാദങ്ങൾക്ക് ശക്തികുറവാണെന്ന അഭിപ്രായമാണ് ഉയരുന്നത്.

മരണം സംഭവിക്കുന്നതിന് മുൻപ് ശരീരത്തിലുണ്ടായിരുന്ന മുറിവുകളാണ് മർദ്ദനമേറ്റ കാര്യം സാധൂകരിക്കുന്നത്. തലയിൽ മുകൾഭാഗത്ത് രണ്ട് മുറിവുകളാണ് രേഖപ്പെടുത്തിയത്. മൂക്കിൽ നിന്ന് 8.5 സെന്റിമീറ്ററും 17 സെന്റിമീറ്ററും വ്യത്യാസത്തിലാണ് രണ്ട് മുറിവുകളും. വിനായകന്റെ മുടി പൊലീസുകാരൻ പിഴുതെടുത്തെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പക്ഷെ പൊലീസ് സർജൻ ഈ മുറിവുകളുടെ പഴക്കം, എങ്ങിനെ ഉണ്ടായതാകാം എന്ന കാരണങ്ങൾ വിശദീകരിച്ചിട്ടില്ല.

നെഞ്ചിൽ ക്ഷതമേറ്റ പാടുണ്ടെന്നും ഇത് മരണത്തിന് മുൻപുണ്ടായതാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ എത്ര സമയം മുൻപാണ് ഈ ക്ഷതമേറ്റതെന്ന് വിശദീകരിച്ചിട്ടില്ല. ഇതിന് പുറമേ കാലിലും ക്ഷതമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയും സമയം രേഖപ്പെടുത്തിയിട്ടില്ല.

“അസ്വാഭാവികമായി കാണുന്ന മുറിവുകളുടെ വിശദമായ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതാണ്” എന്ന് കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിലെ അദ്ധ്യാപകനായ ഡോ.എം.സി.വത്സൻ പറഞ്ഞു. “അന്വേഷണത്തിന് ശേഷം കോടതിയിൽ ഡോക്ടർ നൽകുന്ന പ്രസ്താവനയ്ക്ക് നിയമപരമായി പിൻബലം ലഭിക്കുമോയെന്ന കാര്യം സംശയമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് കസ്റ്റഡിയിൽ മർദ്ദിക്കപ്പെട്ടെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ പൊലീസ് സർജനിൽ നിന്ന് അന്വേഷണ സംഘത്തിന് ഒരു വിശദീകരണം  വാങ്ങാവുന്നതാണെന്ന് ഹൈക്കോടതി അഭിഭാഷകനായ സുജേഷ് മേനോൻ പറയുന്നു.

മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞ് നടക്കുന്ന പോസ്റ്റുമോർട്ടം പരിശോധനയിൽ ശരീരത്തിലെ മുറിവുകൾ, അവയുടെ കാലപ്പഴക്കം എന്നിവ ഡോക്ടർമാർക്ക് മനസിലാക്കാവുന്നതാണ്. ജൂലൈ 18 ന് മരിച്ച നിലയിൽ കണ്ടെത്തിയ വിനായകനെ ഇൻക്വസ്റ്റിന് ശേഷം അന്ന് തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു.

മണിക്കൂറുകൾക്കകം നടന്ന പോസ്റ്റുമോർട്ടം പരിശോധന ആയതിനാൽ തന്നെ മരണത്തിന് മുൻപുണ്ടായ മുറിവുകളുടെ കാലപ്പഴക്കം ഡോക്ടർക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താവുന്നതായിരുന്നുവെന്ന്  ഡോക്ടർമാർ വിശദീകരിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.