തിരുവനന്തപുരം: പാവറട്ടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്കു വിട്ടു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ടു ചെയ്താൽ അതും സിബിഐ അന്വേഷണത്തിനു വിടാൻ സർക്കാർ തീരുമാനിച്ചു. കസ്റ്റഡി മരണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണു മന്ത്രിസഭാ യോഗത്തിന്റെ നിർണായക തീരുമാനം.
ഹരിയാനയിലെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും സേനാ വിഭാഗങ്ങൾക്ക് കീഴിൽ കസ്റ്റഡി മരണങ്ങൾ ഉണ്ടായാൽ അതു സിബിഐ അന്വേഷിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി. പാവറട്ടിയിലെ രഞ്ജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്ക് വിട്ടുകൊണ്ട് തീരുമാനം നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് സർക്കാർ.
Also Read: വീടിന് ദോഷമുണ്ട്, കൂടുതല്‍ പേര്‍ മരിക്കും; ജോളി പ്രചരിപ്പിച്ചത് ഇങ്ങനെ
ഒക്ടോബർ ഒന്നിനാണ് തൃശൂരിൽ എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത് മരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരമനുസരിച്ചാണ് ഇയാളെ പിടികൂടിയത്. തലയിലെ രക്ത സ്രാവമാണ് മരണത്തിനു കാരണമായത്. രഞ്ജിത്തിന്റെ കഴുത്തിലും തലയ്ക്ക് പുറകിലുമായി 12 ഓളം ക്ഷതങ്ങളുണ്ടായിരുന്നു.
Also Read: പാലാരിവട്ടം പാലം അഴിമതി: ഗൂഢാലോചനാ വാദം തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി
അതേസമയം, പാവറട്ടിയിലെ കസ്റ്റഡി മരണ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കസ്റ്റഡിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കസ്റ്റഡിമരണക്കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സ്മിബിനും മഹേഷും സ്റ്റേഷനിൽ ഹാജരായി. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ടു പേർ കൂടി ഇന്നു ഹാജരാകുമെന്നാണു സൂചന. ഡ്രൈവര്‍ ശ്രീജിത്തിനെ കേസിൽ പ്രതി ചേര്‍ത്തിട്ടില്ല.