തിരുവനന്തപുരം: പാറ്റൂർ ഭൂമി കേസിൽ ഫ്ലാറ്റ് നിർമ്മാതാക്കളുടെ കൈവശമുളള പുറമ്പോക്ക് ഭൂമി പിടിച്ചെടുക്കാൻ ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഏറെക്കാലമായി കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങൾക്കു വരെ വഴി വച്ച ഭൂമിക്കേസിലാണ് ലോകായുക്തയുടെ ഇടക്കാല വിധി വന്നിട്ടുളളത്. നേരത്തെ പന്ത്രണ്ട് സെന്റിലേറെ ഭൂമി പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് നാല് സെന്റിലേറെ വരുന്ന ഭൂമി കൂടെ ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും പിടിച്ചെടുക്കാൻ ലോകായുക്ത ഡിവിഷൻ ബെഞ്ച് ഉത്തരവായത്.
ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിലുടെ ഫ്ലാറ്റ് നിർമ്മാതാക്കളായ ആർട്ടെക്ക് കൈവശം വച്ചിരിക്കുന്ന 4.356 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കുവാൻ സർക്കാരിന് നിർദേശം നൽകിയത്.
നേരത്തെ മറ്റൊരു ഇടക്കാല ഉത്തരവിലൂടെ 12.279 സെന്റ് ഭൂമി പിടിച്ചെടുത്ത ലോകായുക്ത, വിശദമായ തെളിവെടുപ്പും ഹിയറിങ്ങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി പിടിച്ചെടുക്കുവാൻ ഉത്തരവിട്ടത് . ഇതൊടെ ആകെ 16.635 സെന്റ് ഭൂമിയാണ് പുറമ്പോക്ക് ഭൂമിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിരിക്കുന്നത് .
4. 356 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കമ്പോൾ, ആമയിഴഞ്ചാൻ തോടിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആർട്ടെക്കിന്റെ ബഹുനില മന്ദിരത്തിന്റെ പടിഞ്ഞാറു ഭാഗത്തിന്റെ ഒരു വശം പൊളിക്കേണ്ടി വന്നേക്കും. ഇത് കൂടാതെ വേറെ വ്യക്തികൾ കൈയ്യേറി എന്ന് കണ്ടെത്തിയ 1.06 സെന്റ് സ്ഥലം കുടി എറ്റെടുക്കുവാൻ കോടതി ഉത്തരവിട്ടു.
ഈ ഉത്തരവോടുകൂടി കെട്ടിടം കേരള മുനിസിപ്പൽ ബിൽഡിങ് റൂൾസ് ലംഘിച്ച് നിർമിച്ചതാണെന്ന് വ്യക്തമാണ്. അതൊടെ ഉദ്യോഗസ്ഥർക്ക് ഈ കെട്ടിട സമുച്ചയം ഒരു അനധികൃത നിർമിതിയായി കാണേണ്ടതായി വരും.
2014ലാണ് പാറ്റൂരിൽ ഫ്ലാറ്റ് നിർമ്മാതാക്കളായ ആർട്ടെക്ക് സർക്കാർ പുറമ്പോക്ക് കൈയ്യേറി ഫ്ലാറ്റ് നിർമ്മിക്കുന്നുവെന്ന് ആരോപിച്ച് ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വഷണം തുടങ്ങിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു . ഇനിനെതിരെ ഫ്ലാറ്റ് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് നിർമ്മാണം തുടരുവാനുള്ള അനുമതി നേടി. പ്രാഥമിക അന്വഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലൻസ് എഡിജിപിയുമായിരുന്ന ജേക്കബ് തോമസിനെ അന്യഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചിരുന്നു . അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വഷണം അവസാനിപ്പിച്ച് കേസ് ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടിസ് അയച്ചു.
തുടർന്ന് ഒരു ഇടക്കാല ഉത്തരവിലുടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും പിടിച്ചെടുക്കുവാൻ ഉത്തരവിട്ടു. തുടർന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഈ സ്ഥലം പിടിച്ചെടുക്കുക ഉണ്ടായി. ഇതിന് പുറമെ ആണ് ഇപ്പോൾ 4.356 സെന്റ് സ്ഥലം പിടിച്ചെടുക്കുവാൻ കലക്ടർക്ക് നിർദേശം നല്കിയിരിക്കുന്നത്. ആകെ 16. 635 സെന്റ് സർക്കാർ ഭൂമി ഫ്ലാറ്റ് നിർമാതാക്കൾ കൈവശം വച്ചിട്ടുണ്ട് എന്ന് ഇതുവരെ നടന്ന വിസ്താരത്തിലും വാദങ്ങളിൽ നിന്നും ലോകായുക്തക്ക് വ്യക്തമായിട്ടുണ്ട്.
ഇത് കൂടാതെ 1.06 സെന്റ് പുറമ്പോക്കും ഇവിടെ ഉണ്ട് എന്ന് ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതും മറ്റ് കൈയ്യേറിയ പുറമ്പോക്ക് ഭൂമിയും ഭൂസംരക്ഷണ നിയമപ്രകാരം തിരിച്ച് പിടിക്കുവാൻ ഉത്തരവിൽ നിർദേശം ഉണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ എന്നിവർക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർന്നിരുന്നത്.