കൊച്ചി: പാറ്റൂർ ഭൂമി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ അടക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസെടുക്കണമെന്ന ആവശ്യം നിരസിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് വി എസ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ പ്രതികൾക്കെതിരായ പ്രഥമ വിവര റിപ്പോർട്ടും വിജിലൻസിൻ്റെ അനുബന്ധ നടപടികളും ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഭരത് ഭൂഷൺ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിജിലൻസ് കേസ് റദ്ദാക്കിയത്.
ഈ വിധി ചൂണ്ടിക്കാട്ടിയാണ് വിഎസിൻ്റെ ഹർജി വിജിലൻസ് കോടതി നിരസിച്ചത്. വിജിലൻസ് കോടതിയുടെ നടപടിയിൽ അപാകതയില്ലന്ന് ഹൈക്കോടതി വിലയിരുത്തി.
Read More: കെപിസിസിയെ ഇനി സുധാകരൻ നയിക്കും; കൊടിക്കുന്നിൽ, പിടി തോമസ്, ടി സിദ്ദിഖ് വർക്കിങ് പ്രസിഡന്റുമാർ
പാറ്റൂരിലെ സർക്കാർ ഭൂമിയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റിയിടാൻ ഉമ്മൻ ചാണ്ടിയും ഭരത് ഭൂഷണും സ്വകാര്യ ഫ്ലാറ്റുടമയ്ക്ക് അനുകൂലമായി തീരുമാനമെടുത്തെന്നും സർക്കാരിന് കോടികൾ വിലമതിക്കുന്ന പതിനഞ്ച് സെൻ്റ് ഭൂമി നഷ്ടപ്പെട്ടെന്നുമായിരുന്നു ആരോപണം.
പൈപ്പ് ലൈൻ മാറ്റിയിട്ട ഭൂമിയിൽ ഫ്ലാറ്റുടമ ഷോപ്പിംഗ് മാൾ പണിതെന്നും സർക്കാർ ഭൂമി നഷ്ടപ്പെടുത്തിയതിന് ഉമ്മൻ ചാണ്ടിക്കും ഭരത് ഭൂഷണും വാട്ടർ അതോറിറ്റി ഉദ്യേഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു വിഎസിൻ്റെ ആവശ്യം.