കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാറ്റൂർ കേസ് പരിഗണിക്കവേയാണ് ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥൻ ആണെന്നതടക്കം രൂക്ഷ വിമർശനം കോടതി നടത്തിയത്.

ജേക്കബ് തോമസിന് അച്ചടക്കമുണ്ടെന്ന് കരുതാനാവില്ലെന്നും അദ്ദേഹത്തിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാറ്റൂര്‍ ഭൂമിയിടപാട് കേസ് തന്നെ ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. പാറ്റൂർ കേസ് അന്വേഷണ കാലത്തെ വിജിലൻസ് ഡിജിപിയായിരുന്നു ജേക്കബ് തോമസ്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അച്ചടക്കം പരമപ്രധാനമാണ്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. കേസിന്റെ വിസ്താരത്തിനായി പല തവണ ജേക്കബ് തോമസിനെ കോടതിയിലേക്ക് വിളിച്ചു വരുത്തി. പക്ഷേ ഒരു തവണ മാത്രമാണ് അദ്ദേഹം വന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം പല കാര്യങ്ങളും പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് കോടതിക്കെതിരെ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണ്. എന്നാല്‍, അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് ഇപ്പോള്‍ കേസെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഏറെ വിവാദമായ പാറ്റൂർ കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുളളവർക്കെതിരായ വിജിലൻസ് കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ