ദേശാഭിമാനവും പൊതുതാത്പര്യവും തമ്മിൽ അതിഭീകരമാം വിധം ഏറ്റുമുട്ടുന്നു: വെങ്കിടേഷ് രാമകൃഷ്ണൻ

കൂട്ടം ചേരാത്തവയെ ദേശസ്നേഹത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നു

തിരുവനന്തപുരം: ദേശീയതയും പൊതുതാത്പര്യവും കൂട്ടിക്കുഴക്കുകയും വസ്തുനിഷ്ഠമായ മാധ്യമപ്രവർത്തനത്തിെൻറ മാനദണ്ഡങ്ങളും സാധ്യതകളും അട്ടിമറിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് കൂടുതൽ രൂക്ഷമാവുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ. ദേശാഭിമാനവും പൊതുതാത്പര്യവും തമ്മിൽ അതിഭീകരമാം വിധം ഏറ്റുമുട്ടൽ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.രാജേഷ്കുമാറിന്റെ 11-ാം അനുസ്മരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ ‘മാധ്യമങ്ങൾ, പൊതുതാത്പര്യം, ദേശീയത എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനം മാത്രമേ മാധ്യമങ്ങളുടെ പൊതുതാത്പര്യമാകാവൂ എന്നതാണ് ശാഠ്യം. ഈ സാഹചര്യത്തിൽ മനുഷ്യത്വപരവും വിശ്വസനീയവുമായ മാധ്യമപ്രവർത്തനം കൈമോശം വരാതിരിക്കാൻ ജനങ്ങൾക്കിടയിൽ മാധ്യമസാക്ഷരത വർധിപ്പിക്കണം. മാധ്യമങ്ങളുടെ പൊതുതാത്പര്യത്തെ നിർണയിക്കുന്ന മാനദണ്ഡങ്ങളും വിശദാംശങ്ങളും ജനങ്ങളോട് തുറന്ന് പറയണമെന്നും വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ
എന്ത് തരത്തിലുള്ള പൊതുബോധത്തെയാണ് പ്രകടിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച പൊതുധാരണകളെയും നിലപാടുകളുളെയും ലംഘിക്കുന്ന നിലയാണ് ഭൂരിപക്ഷം മാധ്യമങ്ങളിൽ നിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടം ചേരാത്തവയെ ദേശസ്നേഹത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നു. സത്യസന്ധത, കൃത്യത, സ്വതന്ത്ര നിലപാട്, പക്ഷപാതിത്വമില്ലാത്ത ഇടപെടൽ, മനുഷ്വത്വം എന്നിവയാണ് മാധ്യമങ്ങളുടെ പൊതുതാത്പര്യത്തിന് മാനദണ്ഡമാകേണ്ടത്. ദൗർഭാഗ്യവശാൽ സമകാലിക മാധ്യമരംഗത്ത് ഇവയെല്ലാം വലിയ തോതിൽ ലംഘിക്കപ്പെടുകയാണ്. പെയിഡ് ന്യൂസും സ്വകാര്യതാത്പര്യങ്ങളും ബ്ലാക്ക്മെയിൽ രീതികളുമെല്ലാം ഇന്ത്യൻ മാധ്യമരംഗത്തെ കാര്യമായി ബാധിക്കുകയാണ്. മാധ്യമമേഖലക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും കാലഹരണപ്പെട്ടതാണ്. ഇത് പരിഷ്കരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല.

മാധ്യമസാക്ഷരതയുടെ അടിസ്ഥാനം മാധ്യമങ്ങളുടെ മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രീയരംഗത്ത് നിന്നും മാധ്യമങ്ങളിൽ നിന്ന് വലിയ മൂലധനനിക്ഷേപമുണ്ടായിട്ടുണ്ട്. 2000 ന് ശേഷം വലിയ കോർപറേറ്റ് ഇടെപടലും മാധ്യമരംഗത്തുണ്ടായി. ഇത്തരം ഇടപെടലുകൾ മാധ്യമ ബോധങ്ങളെയും ഭാവങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Patriotism and public intrest are fighting now says venkitesh ramakrishnan

Next Story
ബാർ തുറന്നിട്ടും രക്ഷയില്ല; തൊഴിലാളികൾക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം
The moderation of comments is automated and not cleared manually by malayalam.indianexpress.com