കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സമവായ നീക്കങ്ങളുമായി പാത്രിയാർക്കീസ് ബാവ വീണ്ടും ഇന്ത്യയിലേക്ക്. മേയ് 22-ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ അപ്രം കരീം രണ്ടാമന് പാത്രിയാർക്കീസ് ബാവ ഇന്ത്യയിലെത്തും. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുമായി പാത്രിയാർക്കീസ് ബാവ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ സഭാ കേസില്‍ സുപ്രീം കോടതി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് യാക്കോബായ സഭ നല്കിയ പുനഃപരിശോധനാ ഹര്‍ജിയും തള്ളിയതോടെ യാക്കോബായ സഭയുടെ അധീനതയിലുണ്ടായിരുന്ന കോലഞ്ചേരി, നെച്ചൂര്‍, വരിക്കോലി പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. അടുത്തിടെ പിറവം പള്ളി കേസിലും ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വിധി വന്നതോടെ പള്ളി വിട്ടുകൊടുക്കുന്നതു തടയാന്‍ യാക്കോബായ വിഭാഗം 24 മണിക്കൂറും അഖണ്ഡപ്രാര്ഥനയുമായി പള്ളിക്കുള്ളില്‍ തന്നെ ക്യാമ്പ് ചെയ്യുകയാണ്.
കൂടുതല്‍ പള്ളികള്‍ നഷ്ടപ്പെടുന്നത് യാക്കോബായ സഭയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്നും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ചൂണ്ടിക്കാട്ടി യാക്കോബായ സഭ മുന്‍ മുഖ്യ വക്താവ് ഫാ.വര്‍ഗീസ് കല്ലാപ്പാറ, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ്, ഔസേഫ് പാത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ അടുത്തിടെ പാത്രിയാർക്കീസ് ബാവയ്ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന്, താന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ യാക്കോബായ സഭയുടെ നിലപാട് ആരാഞ്ഞും നിലവിലെ സഭയിലെ സ്ഥിതിഗതികള്‍ തിരക്കിയും അടുത്തിടെ പാത്രിയാർക്കീസ് ബാവ, ശ്രേഷ്ട കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനും മറ്റ് മെത്രാപ്പോലീത്തമാര്‍ക്കും കത്തയച്ചിരുന്നു. ഈ കത്തിനു മറുപടി ലഭിച്ചതോടെയാണ് പാത്രിയാർക്കീസ് ബാവ അടിയന്തരമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം യാക്കോബായ സഭാ ആസ്ഥാനമായ പുത്തന്‍കുരിശില്‍ ചേര്‍ന്ന അവെയ്ലബിള് സൂനഹദോസ് പാത്രിയാർക്കീസ് ബാവയെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള തര്‍ക്കത്തിനൊപ്പം ആഭ്യന്തര കലാപവും യാക്കോബായ സഭയില്‍ മൂർച്ഛിച്ചു വരികയാണ്. പള്ളികള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നാരോപിച്ച് ഒരുവിഭാഗം വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് സഭാ നേതൃത്വത്തിന് തലവേദനയുണ്ടാക്കുന്നുണ്ട്. സഭാ മാനേജിങ് ട്രസ്റ്റി തമ്പു തുകലനെ അടിയന്തരമായി സഭാ മാനേജിങ് ട്രസ്റ്റി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ വ്യാഴാഴ്ച സൂനഹദോസ് വിളിച്ചു ചേര്‍ത്ത പുത്തന്‍കുരിശിലെ യാക്കോബായ സഭാ ആസ്ഥാനം ഉപരോധിച്ചിരുന്നു. പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടി വരുന്നത് തമ്പുവിന്റെ നിലപാടുകള്‍ മൂലമാണെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സൂനഹദോസ് ഉപേക്ഷിക്കുകയായിരുന്നു.
ഒരു വശത്ത് സഭാ കേസ് തോറ്റതോടെ പള്ളികള്‍ വിട്ടുകൊടുക്കേണ്ടി വരുന്നതും കൈവശമുള്ള പള്ളികള്‍ നിലനിര്‍ത്താന്‍ സമരം ചെയ്യേണ്ടി വരുന്നതുമാണ് യാക്കോബായ സഭയെ പ്രതിസന്ധിയിലാക്കുന്നത്. ഒപ്പം സഭാ നേതൃത്വവും വിശ്വാസികളും തമ്മിലും സഭാ നേതൃത്വവും മെത്രാപ്പോലീത്തമാരും തമ്മിലും സ്വരച്ചേര്‍ച്ചയില്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ എങ്ങനെ തരണം ചെയ്യുമെന്നതായിരിക്കും ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന പാത്രിയാർക്കീസ് ബാവയ്ക്കു മുമ്പിലുള്ള വലിയ വെല്ലുവിളി.