തിരുവനന്തപുരംം: പാറ്റൂർ ഭൂമിയിടപാട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിയാക്കി. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസിൽ പ്രതി ചേർത്തു. ലോകായുക്തയുടെ പരിഗണനയിലുള്ള കേസായതിനാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് വിജിലൻസിന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് കേസെടുത്തത്.
പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കന്പനിക്ക് ഫ്ലാറ്റ് നിർമാണത്തിന് ചട്ടവിരുദ്ധമായി കൈമാറാൻ മുഖ്യമന്ത്രിയടക്കമുള്ളവർ സഹായിച്ചുവെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി, ഭരത് ഭൂഷൺ എന്നിവരെ പ്രതികളാക്കി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു.
നേരത്തെ ലോകായുക്തയുടെ പരിഗണനയിൽ പരാതിയുള്ളതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. എന്നാൽ കയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ കേസെടുക്കാൻ മടിക്കുന്നതെന്തിനെന്നു കോടതി ചോദിച്ചു. തുടർന്നാണ് വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടിയത്.