മംഗലാപുരം: കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധ കേരള അതിർത്തി വിട്ടെന്ന ആശങ്കയ്ക്ക് അറുതി. മംഗലാപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിലെയും നിപ്പ വൈറസ് ബാധയല്ലെന്ന് സ്ഥിരീകരിച്ചു.

മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ 20 വയസുളള പെൺകുട്ടിയും 75 വയസിലേറെ പ്രായമുളള വയോധികനുമാണ് ചികിത്സ തേടിയെത്തിയത്. നിപ്പ വൈറസ് പടർന്ന സമയത്ത് ഇവർ കോഴിക്കോട് എത്തിയിരുന്നതാണ് സംശയത്തിന് കാരണമായത്.

ഇവരുടെ രക്തം മണിപ്പാലിലെ സെന്റർ ഫോർ വൈറസ് റിസർച്ചിലേക്ക് അയച്ചിരുന്നു. ഈ രക്ത പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് ആശങ്കയ്ക്ക് അറുതിയായത്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും നിപ്പ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കർണാടക സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളില്‍ തമിഴ്നാട് സർക്കാർ നിപ്പ വൈറസ് പ്രതിരോധ നടപടികൾ തുടങ്ങി. ചെക്പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്ന വാഹനങ്ങളിൽ എത്തുന്നവരെ പരിശോധിക്കും. പനി ഉള്ളവരുടെ രക്ത സാംപിളുകൾ പരിശോധിക്കും. നിപ്പ വൈറസ് രോഗ ലക്ഷണങ്ങൾ കണ്ടാൽ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം.

കേരളത്തിൽ നിപ്പ വൈറസ് ബാധിച്ച് ഇതുവരെ 12 പേരാണ് മരിച്ചത്. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. നിപ്പ ബാധിച്ച് മരിച്ച സഹോദരങ്ങളായ സാബിതിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. രോഗലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ നിപ്പ വൈറസ് ബാധിതരുടെ എണ്ണം 14 ആയി. കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർത്ഥിക്കാണ് നിപ്പ സ്ഥിരീകരിച്ചത്.

അതിനിടെ, നിപ്പ വൈറസ് ബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തു തുടങ്ങി. മലേഷ്യയില്‍ നിന്നുമെത്തിച്ച ഗുളികകളാണ് നൽകി തുടങ്ങിയത്. ഈ മരുന്നിന് ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. രണ്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നുമെത്തിച്ചിട്ടുണ്ട്. നാലായിരം ഗുളികകള്‍ കൂടി വരും ദിവസങ്ങളില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ