കൊച്ചി: പാമ്പ് ഓഫീസ് മുറിയിലും കോടതിയിലും വരെ കയറിയ കഥകൾ പലപ്പോഴായി നമ്മൾ കേട്ടിട്ടുണ്ട്. ഇഴജന്തുക്കളിൽ മനുഷ്യർക്ക് ഏറ്റവും പേടിയുളള ജീവിയാണ് പാമ്പ്. അതിനാൽ തന്നെയാണ് പാമ്പിനെ പുഷ്പം പോലെ കൈയ്യിലെടുക്കുന്നവരെ കണ്ട് അമ്പരക്കുന്നതും.

പാമ്പിനെ അപ്രതീക്ഷിതമായി വീട്ടിനകത്തോ ഓഫീസിലോ കണ്ടാൽ ആരായാലും ഒന്ന് ഭയക്കും. ഇന്ന് അതുപോലൊരു സംഭവം ഉണ്ടായത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. കൊച്ചി നഗരമധ്യത്തിലുളള ആശുപത്രിയിൽ എക്‌സ്റേ എടുക്കാൻ പതിവ് തിരക്ക് ഇന്നും ഉണ്ടായിരുന്നു.

നിത്യവും ആയിരത്തിലേറെ രോഗികൾ ഒപിയിൽ മാത്രം എത്തുന്ന ആശുപത്രിയാണിത്. ഇരുന്നൂറിലേറെ പേർ ഇവിടെ എക്‌സ്റേ എടുക്കാനെത്തുന്നുണ്ട്. എക്‌സ്റേയ്ക്കായി രണ്ട് റൂമുകളാണ് എറണാകുളം ജനറൽ ആശുപത്രിയിലുളളത്.

രാവിലെ 11.30 യോടെ ഒന്നാം നമ്പർ എക്‌സ്റേ മുറിയിലെത്തിയ വയോധികൻ “അയ്യോ പാമ്പ്” എന്ന് വിളിച്ച് കൂവിയതാണ് സംഭവങ്ങളുടെ തുടക്കം. എക്‌സ്റേ എടുക്കാനായി ടേബിളിൽ കിടത്തിയപ്പോഴാണ് അദ്ദേഹം യന്ത്രത്തിന് മുകളിൽ പാമ്പുണ്ടെന്ന് വിളിച്ച് പറഞ്ഞത്. ഇതോടെ ഇദ്ദേഹത്തെ പുറത്തേക്ക് മാറ്റി. ജീവനക്കാരും പുറത്തിറങ്ങി.

വിവരം സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചു. ഇവരെത്തി എക്‌സ്റേ മുറി അരിച്ചുപെറുക്കിയിട്ടും പാമ്പിനെ കണ്ടുകിട്ടിയില്ല. ഈ തിരച്ചിൽ ഒന്നര മണിക്കൂറോളം നീണ്ടു. ഇതോടെ എക്‌സ്റേ എടുക്കാനായി വന്ന രോഗികളുടെ തിക്കും തിരക്കും ഈ ഭാഗത്ത് അനുഭവപ്പെട്ടു. വയോധികനായ രോഗി എക്‌സ്റേ യന്ത്രത്തിന്റെ ഏതെങ്കിലും വയർ കണ്ട് തെറ്റിദ്ധരിച്ചതാകാമെന്നാണ് പിന്നീട് അധികൃതർ മനസിലാക്കിയത്. പാമ്പിന്റെ പൊടിപോലും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഒരു മണിയോടെ വീണ്ടും എക്‌സ്റേ മുറി പ്രവർത്തനം ആരംഭിച്ചു.

എന്നാൽ സംഭവത്തെ കുറിച്ച് ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അനിത ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. “ആരെങ്കിലും എന്തെങ്കിലും കണ്ട് പേടിച്ചിട്ടുണ്ടാകാം. ആശുപത്രിയിൽ അങ്ങിനെ പാമ്പ് വരാൻ ഒരു സാധ്യതയുമില്ല,” അവർ കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ