ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം കവിയും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷനും എം.എന്‍. കാരശ്ശേരി, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് കല്‍പ്പറ്റ നാരായണനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണന്‍ എന്ന് പുരസ്കാര സമിതി വിലയിരുത്തി. പൂര്‍വ്വ ഭാരങ്ങളില്ലാതെ നാം ജീവിക്കുന്ന കാലത്തിന്റെ രാഷ്ട്രീയ-സാമൂഹിക-ധൈഷണിക മാനങ്ങളെ അത് ധ്വനനഭംഗിയില്‍ കവിതയിലേക്ക് എടുത്തുവയ്ക്കുന്നു. കവിത എന്നതുപോലെ നോവലിലും സാംസ്‌കാരിക വിമര്‍ശനത്തിലും തന്റെ വിരലടയാളങ്ങള്‍ സഫലമായി പതിപ്പിച്ച വ്യക്തിയാണ് കല്‍പ്പറ്റ നാരായണന്‍-സമിതി വിലയിരുത്തി.

ഗദ്യത്തിലും കവിതയിലുമായി നിരവധി കൃതികള്‍ രചിച്ചിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ മലയാള സാഹിത്യ രംഗത്ത് സജീവമാണ്. ഈ കണ്ണടയൊന്ന് വെച്ച് നോക്കൂ, ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, ഏതിലയും മധുരിക്കുന്ന കാടുകളില്‍, സമയപ്രഭു, തത്സമയം, ഇത്രമാത്രം, നിഴലാട്ടം, ഒരുമുടന്തന്റെ സുവിശേഷം, കോന്തല, കറുത്ത പാല്‍, എന്റെ ബഷീര്‍, മറ്റൊരു വിധമായിരുന്നെങ്കില്‍, സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല, കയര്‍ മുറുകുകയാണ് എന്നിവയാണ് ശ്രദ്ധേയമായ രചനകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.