കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ സാമ്പത്തിക നേട്ടത്തിനായി നരബലി നടത്തിയ കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫിയാണെന്നും ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. സി സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ വഴിത്തിരിവായതെന്നും കമ്മിഷണർ പറഞ്ഞു.
കടവന്ത്രയില്‍ താമസിച്ചിരുന്ന ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പദ്മത്തെ ഷാഫി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സി സി ടിവി ദൃശങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷാഫിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് പദ്മത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇലന്തൂരിലെ ഭഗവൽ സിങ്-ലൈല ദമ്പതികളെ കണ്ടെത്തി ചോദ്യം ചെയ്തതാണ് കേസില്‍ നിര്‍ണായകമായതെന്നും കൊച്ചി കമ്മിഷണർ പറഞ്ഞു.ർ
കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഇയാള്‍ പോകാത്ത ഇടങ്ങളും ചെയ്യാത്ത ജോലികളുമില്ലെന്നു പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പോയി താമസിച്ച് തിരികെ എത്തിയ പ്രതി കടവന്ത്ര ഗാന്ധിനഗറിലാണ് അവസാനമായി താമസിച്ചത്. പുത്തന്‍കുരിശില്‍ വയോധികയെ കൊലപ്പെടുത്തിയതും മദ്യപിച്ച് വാഹനം ഓടിക്കുന്നതുള്‍പ്പെടെ നേരത്തെ പത്തോളം കേസുകള്‍ ഷാഫിക്കെതിരെയുണ്ട്.
വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് മുഹമ്മദ് ഷാഫി ഇലന്തൂരിലെ ദമ്പതികളെ വലയില്‍ വീഴത്തിയത്. ‘നിങ്ങള്‍ക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടോ? ബന്ധപ്പെടൂ’ എന്ന സന്ദേശം ഇയാള്‍ തന്റെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നു. ഈ സന്ദേശം കണ്ട് വിളിക്കുന്നവരെയാണു പ്രതി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. സാമ്പത്തിക ലാഭം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ് ഷാഫിയുടേതെന്നും പൊലീസ് വ്യക്തമാക്കി.
ഇലന്തൂരിലെ വീട്ടില്‍നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ ഡിഎന്‍ ടെസ്റ്റിന് അയച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ രണ്ടു കുഴികളില്നിന്നാണ് കഷ്ണങ്ങളാക്കി മുറിച്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇരകളുടെ മൃതദേഹം പരിശോധിച്ചതില്‍ നിന്ന് സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തതായും പ്രതികള്‍ മൊഴികള്‍ മാറ്റി പറയുന്നതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും കമ്മിഷണര്‍ പറഞ്ഞു.
പ്രതികള്‍ ഇരകളുടെ മാംസം ഭക്ഷിച്ചതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. മാംസം പച്ചയ്ക്ക് ഭക്ഷിച്ചാല്‍ നല്ലതാണെന്നും പാകം ചെയ്ത് കഴിച്ചാലും കുഴപ്പമില്ലെന്നും ഷാഫി പറഞ്ഞതായും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.