പത്തനംതിട്ട: ഇലന്തൂരില്‍ സാമ്പത്തിക നേട്ടത്തിനായി നരബലി നടത്തിയ സംഭവത്തില്‍ പ്രതികള്‍ ഇരകളുടെ മാംസം ഭക്ഷിച്ചതായി മൊഴി. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. മാംസം പച്ചയ്ക്ക് ഭക്ഷിച്ചാല്‍ നല്ലതാണെന്നും പാകം ചെയ്ത് കഴിച്ചാലും കുഴപ്പമില്ലെന്നും ഷാഫി പറഞ്ഞതായും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.
പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും ആയുരോരോഗ്യത്തിന് വേണ്ടി ഇരകളുടെ മാംസം ഭക്ഷിക്കാനുമാണ് ഷാഫി പറഞ്ഞത്. പച്ചയ്ക്ക് മാംസം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പാചകം ചെയ്ത് കഴിച്ചാലും മതിയെന്ന് ഷാഫി പറഞ്ഞു. അതനുസരിച്ച് മാംസം പാചകം ചെയ്തു കഴിക്കുകയായിരുന്നുവെന്നും ഇത് മറ്റുള്ളവര്‍ക്ക് കൊടുക്കാനും ഷാഫിയില്‍ നിന്ന് നിര്‍ദ്ദേശം വന്നു. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനും ഷാഫി ആവശ്യപ്പെട്ടതായി ലൈല പൊലീസിന് മൊഴി നല്‍കി.
നരബലിക്ക് സ്ത്രീകളെ എത്തിക്കുന്നതിന് ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ഷാഫിക്ക് നല്‍കിയത് ലക്ഷങ്ങളാണെന്ന് പുറത്ത് വരുന്ന വിവരം. റോസ്ലിനെ കൊലപ്പെടുത്തും മുമ്പ് 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റി. പത്മത്തെ കൊലപ്പെടുത്തും മുമ്പ് ഒന്നര ലക്ഷം ദമ്പതിമാരില്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നു. തവണകളായി പത്ത് ലക്ഷത്തോളം രൂപയാണ് ഷാഫി ഇവരില്‍ നിന്ന് വാങ്ങിയിരുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപോര്‍ട്ട് ചെയ്തു.ബലിക്ക് മുമ്പായി ഇരകളായ സ്ത്രീകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ ഷാഫി ഊരി വാങ്ങിയിരുന്നു. ഇത് ഇയാളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു.