പത്തനംതിട്ട: മലവെള്ളപ്പാച്ചിലിൽ മകളെ നഷ്ടപ്പെട്ട അമ്മയെ കാണാനെത്തിയ കലക്ടറും സങ്കടത്താൽ പൊട്ടിക്കരഞ്ഞു. കണ്ണൂർ പേരാവൂരിൽ പ്രകൃതിക്ഷോഭത്തില്‍ മരിച്ച രണ്ടര വയസുകാരി നുമ മോളുടെ ഉമ്മയെ കാണാനാണ് പത്തനംതിട്ട കലക്ടർ ദിവ്യ എസ്.അയ്യർ നേരിട്ടെത്തിയത്.
പത്തനംതിട്ട കോന്നി കുമ്മണ്ണൂരിലെ വീട്ടിലെത്തിയാണ് കലക്ടർ നാദിറയെ കണ്ടത്. മകളെ നഷ്ടപ്പെട്ട സങ്കടം കലക്ടറോട് പറയവേ നാദിറ പൊട്ടിക്കരഞ്ഞു. മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന കണ്ടുനിൽക്കാനാവാതെ കലക്ടറുടെയും കണ്ണുകൾ നിറഞ്ഞു. ഏറെ നേരം നാദിറയ്ക്കൊപ്പം ചെലവഴിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തശേഷമാണ് കലക്ടർ മടങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടാണ് രണ്ടര വയസുകാരി നുമ മരിച്ചത്. കണിച്ചാര്‍ നെടുമ്പുറം ചാലില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നാണ് വെള്ളപ്പാച്ചില്‍ ഉണ്ടായത്. ആരോഗ്യവകുപ്പിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നാദിറ മകളെയും കൊണ്ട് പുറത്തേക്കോടിയെങ്കിലും മരക്കമ്പ് കൈയിലിടിച്ച് കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട നദീറ തെങ്ങില്‍ തട്ടിനിന്നാണ് രക്ഷപ്പെട്ടത്.