കാസര്‍ഗോഡ്: ജില്ലയിൽ കോവിഡ് വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും. കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.

“വിലക്കു ലംഘിച്ച രണ്ടു പ്രവാസികള്‍ ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരും. ഭൂരിഭാഗം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ വളരെ കുറച്ചുപേര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത് അനുസരിക്കില്ലെന്നു നിര്‍ബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു,” ഇനി അഭ്യര്‍ഥനകള്‍ ഉണ്ടാകില്ലെന്നും കളക്ടര്‍ ആവര്‍ത്തിച്ചു.

Read More: ഏഴ് മാസത്തിന് ശേഷം ഒമർ അബ്‌ദുല്ല തടങ്കലിൽ നിന്നും മോചിതനായി

അവശ്യസാധനങ്ങള്‍ ലഭിക്കാന്‍ മുഴുവന്‍ കടകളും നിര്‍ബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യ, മാംസ വില്‍പന അനുവദിക്കുമെന്നും ആളുകൂടിയാല്‍ അടപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ ബേക്കറികള്‍ തുറന്ന് പ്രവര്‍ത്തിക്കണം. അവിടെ ജ്യൂസോ, കോഫിയോ, ചായയോ അവിടെ പാചകം ചെയ്ത് നല്‍കരുത്. ബ്രേഡ്, ബണ്‍ തുടങ്ങിയ ആഹാര സാധനങ്ങള്‍ ലഭ്യമാക്കാനാണ് ഇതെന്നും കലക്ടര്‍ സജിത് ബാബു പറഞ്ഞു.

ഓരോ ടൗണിനും ഓരോ ഡിവൈഎസ്പിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് എസ് പി സാബു മാധ്യമങ്ങളോട് പറഞ്ഞു. കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ ജനം ഇപ്പോളും നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ട്. ഇപ്പോള്‍ കാസര്‍ഗോട്ട് മാത്രമാണു വളരെ കര്‍ശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുണ്ട്. തിങ്കളാഴ്ച മാത്രം ജില്ലയിൽ 19 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് കാരണം കാസര്‍ഗോഡ്‌ ലോക്ക് ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. കൂടാതെ നിരോധനാജ്ഞയും നിലനില്‍ക്കുകയാണ്. പൊതുഗതാഗതവും നിരോധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.