ഷൊർണൂർ: വിദ്യാർഥികളടക്കം 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാല റെയിൽവേ അധികൃതർ പൂട്ടി സീൽ വച്ചു. ഹോട്ടലിൽ നിന്നും മുഴുവൻ ഭക്ഷ്യ ഇനത്തിന്റെയും സാംപിൾ എടുത്ത് സർക്കാർ ലാബിൽ അയച്ചു. ശനിയാഴ്ച വൈകിട്ട് വെജിറ്റേറിയൻ റിഫ്രഷ്മെന്റ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കും മുതിർന്നവർക്കും യാത്ര ചെയ്യവേ തീവണ്ടിയിൽ വച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

എറണാകുളത്ത് നടന്ന കേരള ഫുട്ബോൾ അണ്ടർ 15 ക്യാന്പിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർഥികളടക്കമുള്ള 21 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാത്രി കൊച്ചുവേളി-ബിക്കാനീർ എക്സ്പ്രസ്സിൽ കോഴിക്കോട്ടേക്ക് യാത്ര ചെയ്ത ഇവരെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാന്പിയിൽ ഇറക്കി. ഒൻപത് പേരെ താലൂക്ക് ആശുപത്രിയിലും ഏഴ് പേരെ നിള ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

എല്ലാവരും അപകട നില തരണം ചെയ്തു. നിള ആശുപത്രിയിലുള്ളവരെയും താലൂക്ക് ആശുപത്രിയിലുള്ളവരെയും ഞായറാഴ്‌ച ഡിസ്‌ചാർജ് ചെയ്തു. ഡോക്ടർ എത്തിയാലുടൻ വിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ വലിയ സംഘം അതിരാവിലെ റെയിൽവേ സ്റ്റേഷനിലെത്തി. എല്ലാ ഭക്ഷ്യവിഭവങ്ങളുടെയും സാംപിൾ എടുത്ത് ഹോട്ടൽ സീൽ വച്ച ശേഷം കാക്കനാടുള്ള ലബോറട്ടറിയിലേക്ക് ഇവ പരിശോധനയ്ക്ക് അയച്ചു.

“വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്നിരുന്നു. ഇത് തീർന്നപ്പോഴാണ് റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ നിന്ന് വാങ്ങിയത്. സംഘത്തിൽ ആകെ 36 പേരുണ്ടായിരുന്നു. ഇതിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആകെ 21 പേർക്കും ബുദ്ധിമുട്ടുകളുണ്ടായി. യാത്ര തുടങ്ങി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴാണ് പ്രശ്നം വന്നത്. പട്ടാന്പിയിൽ ടി.ടി.ആറും സ്റ്റേഷൻ മാസ്റ്ററുമെല്ലാം ആവശ്യമായ സഹായങ്ങൾ നൽകി” താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള സുബ്രഹ്മണ്യൻ പറഞ്ഞു.

കോഴിക്കോടേക്കുള്ള യാത്രക്കാരായിരുന്നു എല്ലാവരും. യാത്ര തുടങ്ങിയ ശേഷം ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. രാത്രി സ്റ്റേഷനിൽ നിന്ന് ചപ്പാത്തിയും ഇഡ്ഡലിയും വടയും കഴിച്ചതായാണ് ഇവരുടെ മൊഴി. ഷൊർണൂർ വിട്ടതോടെ അസ്വസ്ഥതകൾ അസഹനീയമായതോടെ റെയിൽവേ സുരക്ഷ സേനയെ അറിയിക്കുകയായിരുന്നു. തീവണ്ടി പട്ടാന്പിയിലെത്തിയപ്പോൾ സുരക്ഷ സേന പട്ടാന്പി താലൂക്ക് ആശുപത്രിയിലും നിള ആശുപത്രിയിലേക്കുമായി ഇവരെ മാറ്റി. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായവും റെയിൽവേ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളാണ് ബുദ്ധിമുട്ടിലായത്. ഇവർക്കൊപ്പം യാത്ര ചെയ്ത മുതിർന്നവർക്കും ഭക്ഷ്യവിഷബാധയേറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ