കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നോട് മോശമായി പെരുമാറിയെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസിന്റെ പ്രസ്താവനയെ പരോക്ഷമായി പരിഹസിച്ച് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വ്വതി. തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തിലായിരുന്നു നിഷയുടെ വെളിപ്പെടുത്തല്‍. ഇതിനെ പേരെടുത്ത് പറയാതെ പാര്‍വ്വതി പരോക്ഷമായി പരിഹസിക്കുകയായിരുന്നു.

”എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ? ഷാരൂഖ് ഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിംഗ് പൊലിക്കുള്ളൂ.” എന്നായിരുന്നു പാര്‍വ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിഷയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും കമന്റ് ബോക്‌സില്‍ നിറയെ നിഷയുടെ പ്രസ്താവനയെയാണ് ആളുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്.

‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലായിരുന്നു നിഷയുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെയുണ്ടായ അനുഭവമാണ് അവര്‍ തുറന്നു പറയുന്നത്.

രാഷ്ട്രീയ നേതാവായ അച്ഛന്റെ പേരു പറഞ്ഞ് യുവാവ് തന്നെ പരിചയപ്പെടാന്‍ വന്നെന്നും അപകടത്തില്‍ പരുക്കേറ്റ്, തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ പോവുകയാണെന്നു പറഞ്ഞുവെന്നും നിഷ പറയുന്നു. പിന്നീട് ഇയാള്‍ തന്നോട് അപമര്യാദയായി സംസാരിച്ചെന്നും തന്റെ ദേഹത്ത് സ്പര്‍ശിച്ചെന്നും നിഷ പുസ്തകത്തില്‍ പറയുന്നു.

സംഭവത്തെ കുറിച്ച് ടിടിആറിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം കൈമലര്‍ത്തുകയായിരുന്നു. പിന്നീട് യുവാവിനോട് അടുത്തു നിന്ന് പോകാന്‍ ആവശ്യപ്പെട്ടതായും തുടര്‍ന്ന് വീട്ടിലെത്തിയ താന്‍ ജോസ് കെ മാണിയോട് സംഭവത്തെ കുറിച്ച് പറഞ്ഞതായും നിഷ പുസ്തകത്തില്‍ പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.