ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാർവതി തിരുവോത്ത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്നായിരുന്നു പാർവതിയുടെ പ്രതികരണം. രാജ്യ സഭയിൽ ബിൽ പാസായതിന് ശേഷം ട്വിറ്ററിലാണ് പാർവതി തന്റെ അഭിപ്രായം കുറിച്ചത്.

“ഭയം നട്ടെല്ലിലൂടെ അരിച്ചു കയറുന്നു. നമ്മൾ ഇതൊരിക്കലും സംഭവിക്കാൻ അനുവദിക്കരുത്,” പാർവതി കുറിച്ചു.

Read More: ‘അയാള്‍ വംശഹത്യയുടെ വിത്തുകള്‍ വിതറുന്നു’; അമിത് ഷാ ഹോം മോണ്‍സ്റ്ററെന്നു സിദ്ധാര്‍ത്ഥ്

നേരത്തേ ബില്ലിനെതിരെ വിമർശനവുമായി നടൻ സിദ്ദാർഥും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കൊല്‍ക്കത്തയില്‍ അമിത്ഷാ നടത്തിയ പ്രംസംഗത്തിനെതിരെയാണു സിദ്ധാര്‍ഥ് രംഗത്തെത്തിയത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്നാണ് സിദ്ധാര്‍ത്ഥ് വിശേഷിപ്പിച്ചത്.

”ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്തുനിന്ന് പുറത്താക്കുമെന്നു പറയുന്നതു ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണു നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍,” സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

ബുധനാഴ്ചയാണ് പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭയിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോൾ 105 പേര്‍ എതിര്‍ത്തു. തിങ്കളാഴ്ച 80ന് എതിരേ 311 വോട്ടിനു ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. ബില്‍ രാജ്യസഭ പാസാക്കിയതിനെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തദിനമെന്നാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരായി പ്രതിഷേധങ്ങൾ കത്തുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.